പാലക്കാട് ആമയൂരില്‍ വീട് കത്തി നശിച്ചു.

പാലക്കാട്: കൊപ്പം ആമയൂരില്‍ വീട് കത്തിനശിച്ചു. സംഭവ സമയത്ത് വീട്ടില്‍ ആളില്ലാത്തതിനാല്‍ ആളപായമില്ല. പട്ടാമ്പി ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. കൊപ്പം ആമയൂരിലെ കമ്പനിപ്പറമ്പ് പാറക്കല്‍ ഉണ്ണികൃഷ്ണന്റെ വീടിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അയല്‍വാസികള്‍ വീടിന് തീ പിടിച്ചതായി കണ്ടത്. വീടിന്റെ മേല്‍ക്കൂരയുള്‍പ്പടെ വീട്ടിലെ എല്ലാ വസ്തുക്കളും തീപിടിത്തത്തില്‍ കത്തി നശിച്ചു. സംഭവ സമയത്ത് വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ ആളപായമില്ല. പട്ടാമ്പി ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. വീട്ടില്‍ കത്തിച്ചു വെച്ചിരുന്ന വിളക്കില്‍ നിന്ന് തീ പടര്‍ന്ന് പിടിച്ചതായാണ് പ്രാഥമിക നിഗമനം. കൊപ്പം പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് നടത്തിയ അടിയന്തര രക്ഷാപ്രവര്‍ത്തനം മൂലം തുടര്‍ അപകട സാധ്യത ഒഴിവായെന്ന് സമീപവാസികൾ പ്രതികരിച്ചു.