പശുവിനെ മേയ്ക്കാൻ പോയയാൾ തേനീച്ചയുടെ കുത്തേറ്റു മരിച്ചു.

നെമ്മാറ: വട്ടേക്കാട് പനന്തുറവയിൽ പശുവിനെ മേയ്ക്കാൻ പോയ 77-കാരൻ തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് മരിച്ചു. പനന്തുറവ ഭഗവതിക്കുളം വീട്ടിൽ എ. കേശവനാണ് മരിച്ചത്. ഇന്നലെ രാവിലെ പത്തുമണിയോടെ വീട്ടിൽനിന്ന്‌ പശുവിനെയുംകൊണ്ട് തൊട്ടടുത്ത പാടത്ത്‌ പോയ കേശവനെ തേനീച്ചകൾ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. കുത്തേറ്റ് അവശനായി പാടത്ത്‌ കിടന്ന ഇയാളെ പരിസരവാസികളായ ചില കുട്ടികളാണ് കണ്ടത്.

വിവരമറിഞ്ഞ് രക്ഷിക്കാനെത്തിയവർക്കുനേരെയും തേനീച്ചക്കൂട്ടം ഭീഷണിയുയർത്തി തിരിയുകയായിരുന്നു. പിന്നീട് പന്തവും മറ്റും കത്തിച്ചാണ് ഈച്ചകളെ അകറ്റി ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആദ്യം നെന്മാറ സർക്കാർ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകീട്ട് ആറുമണിയോടെ മരിച്ചു.

സംസ്കാരം ഇന്ന് രാവിലെ 10.30-ന് നെന്മാറ വക്കാവ് ശ്മശാനത്തിൽ നടക്കും. ഭാര്യ: ദേവു. മക്കൾ: മിനി, സിനി. മരുമക്കൾ: സുരേഷ്, സതീഷ്.