ബാംഗ്ലൂരിൽ നിന്ന് തൃശൂരിലേക്ക് കടത്തിയ കഞ്ചാവുമായി 4 പേര്‍ പോലീസിന്റെ പിടിയില്‍.

പാലക്കാട്: ട്രെയിനില്‍ കടത്തിയ ആറ് കിലോ കഞ്ചാവുമായി കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന സംഘത്തെ റെയില്‍വേ പൊലീസ് പിടികൂടി. തൃശൂര്‍ സ്വദേശികളായ ജസീത് (20), മുഹമ്മദ് അസ്‌ലം (19), ജാഷിദ് (19), അനന്തകൃഷ്ണന്‍ (20) എന്നിവരാണ് പിടിയിലായത്. ഇവര്‍ ബാംഗ്ലൂരിൽ നിന്ന് തൃശൂരിലേക്ക് കടത്തുകയായിരുന്നു കഞ്ചാവ്.പിടിയിലായവരില്‍ രണ്ടുപേര്‍ ബാംഗ്ലൂരിൽ പഠിക്കുന്നവരാണ്. ഇവരെ ലഹരികടത്താന്‍ ഉപയോഗിച്ചവരെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം ക്രിസ്‌മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച്‌ കേരളത്തിലേക്ക് ട്രെയിന്‍വഴി ലഹരിവസ്‌തുക്കള്‍ കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡിന്‍റെ സഹകരണത്തോടെ റെയില്‍വേ പൊലീസ് പ്രത്യേക പരിശോധന നടത്തുന്നുണ്ട്. പാലക്കാട് റെയില്‍വേ പൊലീസ് എസ്‌ഐ എസ് അന്‍ഷാദ്, എഎസ്‌ഐമാരായ റെജു, മണികണ്ഠന്‍, സീനിയര്‍ സിപിഒമാരായ സന്തോഷ് ശിവന്‍, ഹരിദാസ്, ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ അയ്യപ്പജ്യോതി, സീനിയര്‍ സിപിഒ ശിവകുമാര്‍, സിപിഒമാരായ സിറാജുദ്ദീന്‍, നൗഷാദ് ഖാന്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.