നെല്ലിയാമ്പതിയിലെ ജനവാസ കേന്ദ്രങ്ങള്‍ കരുതല്‍ മേഖലയില്‍.

നെല്ലിയാമ്പതി: ജനവാസ കേന്ദ്രങ്ങളടക്കം പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും കരുതല്‍ മേഖല പരിധിയിലുള്‍പ്പെട്ടതോടെ തോട്ടം മേഖലയിലും ആദിവാസി മേഖലയിലും അധിവസിക്കുന്ന ആയിരക്കണക്കിന് പേര്‍ കുടിയൊഴിക്കല്‍ ഭീഷണിയുടെ നിഴലില്‍.

നെല്ലിയാമ്പതിയിലെ ജനസംഖ്യയില്‍ ഭൂരിഭാഗം വരുന്ന തോട്ടം തൊഴിലാളികള്‍ തങ്ങളുടെ തൊഴില്‍ ഉപേക്ഷിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ്. വിവിധ നാടുകളില്‍ നിന്നെത്തി തോട്ടങ്ങളില്‍ തൊഴില്‍ ചെയ്തു വരുന്ന അതിഥി തൊഴിലാളികളുടെ സ്ഥിതിയും ഇതുതന്നെ.

തോട്ടങ്ങളിലെ പാടികളില്‍ കുടുംബവുമായി വര്‍ഷങ്ങളായി ജീവിച്ചു വരുന്ന തൊഴിലാളികളുടെ കാര്യം ഇതോടെ വെല്ലുവിളിയിലായി. ബഫര്‍ സോണ്‍ യാഥാര്‍ഥ്യമായാല്‍ നെല്ലിയാമ്പതിയിലെ മുഴുവന്‍ തോട്ടങ്ങളും ബഫര്‍ സോണിലാവുമെന്നത്‌ യാഥാര്‍ഥ്യമാണ്. 2009ല്‍ പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രം പ്രഖ്യാപിക്കപ്പെട്ടതോടെ ബഫര്‍ സോണിലായ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വനം വകുപ്പ് നിരീക്ഷണത്തിലായത് നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു.

നൂറടി, പുലയമ്പാറ, കൈകാട്ടി ഭാഗങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വനം വകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്നു. രാഷ്ട്രീയനേതാക്കളും മറ്റും ഇടപെട്ടാണ് പിന്നീട് നാട്ടുകാരുടെ ആശങ്ക പരിഹരിച്ചത്. സമാന സാഹചര്യമാണ് ഇപ്പോഴുള്ളത്. കൈകാട്ടിക്കടുത്തുള്ള പുല്ലുകാട് കോളനിയിലെ ആദിവാസികള്‍ ജീവിച്ചു വരുന്ന 200 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ പട്ടയം ലഭിച്ചതാണ്. ഇവിടെ 68 കുടുംബങ്ങളിലായി 182 പേരാണ് കഴിഞ്ഞുവരുന്നത്. പ്രസിദ്ധീകരിക്കപ്പെട്ട ഭൂപട പ്രകാരം ഈ പട്ടയ ഭൂമിയും ബഫര്‍ സോണിലുള്‍പ്പെടുന്നു.

കുടിയേറി താമസിച്ച ശേഷം പതിറ്റാണ്ടുകളുടെ ശ്രമഫലമായാണ് ഇവിടെയുള്ള ആദിവാസി കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചത്. എന്നാല്‍, ആ പട്ടയഭൂമിയും നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഇവര്‍. ആദിവാസി ഭൂമി സംരക്ഷിക്കാനായി പഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസാക്കിയിരുന്നു.

പുല്ലുകാട്ടിലെ പട്ടയഭൂമി സംബന്ധിച്ച്‌ വനം അധികൃതരുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ് പഞ്ചായത്തിലെ ജനപ്രതിനിധികള്‍. നെല്ലിയാമ്പതിയിലെ പ്രധാന ജനവാസ കേന്ദ്രങ്ങളായ നൂറടി, കൈകാട്ടി ഭാഗങ്ങളെ കരുതല്‍ മേഖലയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കണമെന്ന ആവശ്യമാണ് പൊതുവേ ഉയരുന്നത്.

Parakkal