സിക്കിമിൽ ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികരിൽ പാലക്കാട്‌ സ്വദേശിയും.

പാലക്കാട്‌: സിക്കിമില്‍ ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച സൈനികരില്‍ മലയാളിയും. പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍ കാവ് സ്വദേശി വൈശാഖ് (26) ആണ് വീരമൃത്യു വരിച്ചത്. ചെങ്ങണിയൂര്‍ക്കാവ് സ്വദേശി സഹദേവന്റെ മകനാണ് വൈശാഖ്. നാല് വര്‍ഷമായി ഇന്ത്യന്‍ സേനയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ഇദ്ദേഹം. ഒക്ടോബറിലാണ് ഒരു മാസത്തെ ലീവ് കഴിഞ്ഞ് വൈശാഖ് മടങ്ങിയത്.

സിക്കിമില്‍ ആര്‍മി ട്രക്ക് അപകടത്തില്‍പ്പെട്ടാണ് 16 സൈനികര്‍ വീരമൃത്യു വരിച്ചത്. നോര്‍ത്ത് സിക്കിമിലെ സേമയിലാണ് ദുരന്തം സംഭവിച്ചത്. താങ്ങുവിലേക്ക് പോവുകയായിരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്കില്‍ നിന്ന് 130 കിലോമീറ്റര്‍ മാറി ഇന്ത്യ- ചൈന അതിര്‍ത്തിക്കടുത്ത് സേമയ്ക്കടുത്ത് വച്ച്‌ സൈനികര്‍ സഞ്ചരിച്ച വാഹനം തെന്നി മലയിടുക്കിലേക്ക് വീണാണ് അപകടം സംഭവിച്ചത്.

സേമ 3 ഏരിയയിലെ ഒരു വളവ് കടക്കുന്നതിനിടെ ട്രക്ക് നൂറിലധികം അടി താഴ്ചയുള്ള മലയിടുക്കിലേക്ക് പതിക്കുകയായിരുന്നു.16 സൈനികര്‍ സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരണപ്പെട്ടുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഹെലികോപ്ടറില്‍ വടക്കന്‍ ബംഗാളിലെ സൈനിക ആശുപത്രിയിലാണ് പരിക്കേറ്റ സൈനികരെ എത്തിച്ചത്. വീരമൃത്യു വരിച്ച സൈനികരുടെ ഭൗതികശരീരം പോസ്റ്റമോര്‍ട്ടത്തിനായി ഗാങ്ടോക്കിലെ ആശുപത്രിയിലേക്ക് മാറ്റും. ഇതിന് ശേഷം മൃതദേഹങ്ങള്‍ സൈന്യത്തിന് കൈമാറുമെന്നാണ് വിവരം.