പരിസ്ഥിതി ലോലമേഖല: 1000 കടന്ന് പരാതികൾ.

പാലക്കാട് ∙ പരിസ്ഥിതി ലോല മേഖലയിലെ ജനവാസ കേന്ദ്രങ്ങൾ സംബന്ധിച്ചു ജില്ലയിൽ നിന്ന് ആയിരത്തിലേറെ പരാതികൾ. സ്വന്തം വീടുകളും കെട്ടിടങ്ങളും പരിസ്ഥിതി മേഖലയിൽപ്പെട്ടതിന്റെ ഫോട്ടോ സഹിതമാണു പലരും ഇമെയിൽ വഴി പരാതി നൽകിയിട്ടുള്ളത്. പരാതിയുമായി ഒട്ടേറെ പേർ വനംവകുപ്പ് ഓഫിസുകളിൽ നേരിട്ടുമെത്തി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ആശുപത്രികൾ എന്നിവയുടെ പ്രതിനിധികളും ഇന്നു പരാതി നൽകുമെന്ന് അറിയിച്ചു. ഉപഗ്രഹ ഭൂപടവും വനം വകുപ്പ് ഇന്നലെ പ്രസിദ്ധീകരിച്ച ഭൂപടവും തമ്മിൽ ഏറെ വ്യത്യാസമുള്ളതായി കർഷകർ ആരോപിച്ചു. വനം വകുപ്പിന്റെ ഭൂപടത്തിൽ അതിരുകൾ വ്യക്തമല്ല.
സർവേ നമ്പറും അപൂർണമാണ്. അതേ സമയം ഉപഗ്രഹ ഭൂപടത്തിൽ സർവേ നമ്പറുകളുണ്ട്. ഭൂപടം തദ്ദേശ സ്ഥാപനങ്ങളുടെ എല്ലാ വാർഡിലും പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കും. വാർഡ് തലത്തിൽ സഹായ കേന്ദ്രങ്ങളും ഒരുക്കും. പരാതികൾ പരിശോധിച്ച് ആവശ്യമായ വിവരങ്ങൾ ചേർത്തു ഭൂപടം വീണ്ടും പുതുക്കുമെന്നു വനംവകുപ്പ് അറിയിച്ചു. പുതുക്കിയ ഭൂപടം തദ്ദേശ സ്ഥാപനത്തിലെ സർവ കക്ഷി സമിതി പരിശോധിച്ച ശേഷമാകും കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നും അധികൃതർ പറഞ്ഞു.

MERYLAND CREATIONS

ഭൂപട പ്രകാരം പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെടുന്ന സ്ഥലങ്ങൾ

സൈലന്റ് വാലി ദേശീയോദ്യാനം

അഗളി പഞ്ചായത്തിലെ ആദിവാസി ഊരുകളിലെ ഉൾപ്പെടെ 437 വീടുകൾ, 5 ചികിത്സാലയം, 6 ഓഫിസുകൾ, 21 കടകൾ, 10 ഹോട്ടലുകൾ, സ്വകാര്യ റിസോർട്ട്, മുക്കാലി ശ്രീ ധർമശാസ്താ ക്ഷേത്രം, സർക്കാർ ഫാം എന്നിവ ഉൾപ്പെടും. മണ്ണാർക്കാട്- ആനക്കട്ടി റോഡിന്റെ കുറെ ഭാഗവും മുക്കാലി കവലയും ഉൾപ്പെടുന്നുണ്ട്. പുതൂർ പഞ്ചായത്തിലെ പാടവയൽ വില്ലേജിൽ 149 വീടുകളും 2 ഓഫിസുകളും ഉൾപ്പെടും. 

ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും വാണിജ്യ സ്ഥാപനങ്ങളും ഉൾപ്പെടെ ഒഴിവാക്കി പരിസ്ഥിതി ലോല മേഖല നിശ്ചയിക്കണമെന്ന് അഗളി പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. തുടർകാര്യങ്ങൾക്കായി പഞ്ചായത്തു തല സമിതി രൂപീകരിക്കും. ഇന്ന് രാവിലെ 11 ന് ചേരുന്ന യോഗത്തിൽ വനം, റവന്യു ഉദ്യോഗസ്ഥരും പങ്കെടുക്കും. 

ചൂലന്നൂർ മയിൽ സങ്കേതം

പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ 13, 14 വാർഡുകൾ പൂർണമായും ഒന്ന്, 15 വാർഡുകൾ ഭാഗികമായും പരിസ്ഥിതി മേഖലയിൽ ഉൾപ്പെടുന്നു. മൂന്നൂറോളം വീടുകളും കൃഷി സ്ഥലവുമുണ്ട്.ഒരു എയ്ഡഡ് സ്കൂൾ, 2 ക്ഷേത്രം, ഒരു  മുസ്‍ലിം പള്ളി, സർക്കാർ ആയുർവേദ ആശുപത്രി, വെറ്ററിനറി ആശുപത്രി, 20 കടകൾ ഉൾപ്പെടെ മേഖലയിൽപ്പെടും.  പെരിങ്ങേ‍ാട്ടുകുറുശി–തിരുവില്വാമല, നടുവത്തുപാറ–തരൂർ റേ‍ാഡുകളും ഉൾപ്പെടുന്നു. ഈ റോഡിന് ഇരുവശത്തുമായി ഉപഗ്രഹ സർവേയിൽ ചൂലന്നൂർ 1,13,14,15 വാർഡുകളിലെ ജനവാസ, വാണിജ്യ മേഖലയും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പെട്ടിരുന്നെങ്കിലും ഭൂപടത്തിൽ അതില്ല. 

പറമ്പിക്കുളം കടുവ സങ്കേതം

നെല്ലിയാമ്പതി പഞ്ചായത്തിലെ 75% പ്രദേശം പരിസ്ഥിതി ലോല മേഖലയിലാണ്. ഉപഗ്രഹ സർവേയിൽ മേഖല മൊത്തം ഉൾപ്പെട്ടിരുന്നു.ഭൂപടമനുസരിച്ച് ഇവിടത്തെ സ്വകാര്യ എസ്റ്റേറ്റുകളിലെ നിർമാണങ്ങളും ദേവാലയങ്ങളും പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുമെന്ന് എസ്റ്റേറ്റ് അധികൃതരും തെ‍ാഴിലാളികളും പറയുന്നു. വനംവകുപ്പിന് പരാതി നൽകിയിട്ടുണ്ട്.

പാലക്കാട് ജില്ലയിൽ പീച്ചി വനപ്രദേശവും

തൃശൂർ പീച്ചി-വാഴാനി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന്റെ ബഫർസോൺ പരിധിയിൽ വരുന്ന പാലക്കാട് ജില്ലയിലെ കുടുംബങ്ങളും  ആശങ്കയിൽ .പദ്ധതിയുടെ സംരക്ഷിത പ്രദേശം സംബന്ധിച്ച് അധികൃതർ നൽകിയ കണക്ക് ശരിയല്ലെന്നും അതു തിരുത്തണമെന്നാണ് കർഷക സംരക്ഷണ സമിതിയുടെയും കിഫയുടെയും ആവശ്യം. ഇക്കാര്യം ഉന്നയിച്ച് വടക്കഞ്ചേരി മേഖല കർഷക സംരക്ഷണ സമിതി മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും പരാതി നൽകി. 

നിയമപരമായി യാതൊരു നിലനിൽപ്പും ഇല്ലാത്തതും സുപ്രീം കോടതിയിൽ സമർപ്പിച്ചാൽ തള്ളിക്കളയുമെന്ന് ഉറപ്പുള്ളതുമായ ഒരു മാപ്പ് പ്രസിദ്ധീകരിച്ചു കൊണ്ട് ആ ഭൂപടത്തിന്റെ  അടിസ്ഥാനത്തിൽ ഫീൽഡ് സർവേ നടത്തുമെന്ന് പറയുന്നത് വിശ്വസിക്കാനാവില്ലെന്നും ഒളിച്ചുകളി അവസാനിപ്പിച്ച് പ്രശ്നപരിഹാരനത്തിന് സർക്കാർ നിയമം നിർമിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. പ്രദേശത്തെ നിർമിതികളുടെ കണക്കെടുക്കാൻ പാലക്കുഴി, കണച്ചിപ്പരുത, പനംകുറ്റി മേഖലകളിൽ ക്യാംപുകൾ ആരംഭിച്ചു.