മുടപ്പല്ലൂർ: ഉള്‍പ്രദേശങ്ങളിലേക്ക് മാറി പുഴയോരങ്ങളിലും മറ്റു ജല സ്രോതസുകള്‍ക്കു സമീപവും പ്രവര്‍ത്തിക്കുന്ന ഇഷ്ടിക ചൂളകളുടെ പ്രവര്‍ത്തനം പരിശോധിക്കണമെന്ന ആവശ്യം ശക്തം.
വണ്ടാഴി ഗവണ്മെന്റ് ഹോസ്പിറ്റലിനു സമീപം ഇന്നലെ പുലര്‍ച്ചെ ടോറസില്‍ നിന്നും ഹിറ്റാച്ചി ഉപയോഗിച്ച് കളിമണ്ണ് ഇറക്കുന്നതിനിടെ ടോറസ് മറിഞ്ഞ് ഒരാള്‍ മരിക്കാനിടയായ സംഭവമുണ്ടായി.

കളിമണ്ണില്‍ തെന്നി മറിഞ്ഞ ടോറസ് സമീപത്ത് ലോഡുമായി നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ടോറസിന്റെ കാബിനു മുകളിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വലിയ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. അശ്രദ്ധമായി വാഹനം പ്രവര്‍ത്തിപ്പിച്ചതിനാണ് മറിഞ്ഞ ലോറിയുടെ ഡ്രൈവര്‍ക്കെതിരെ വടക്കഞ്ചേരി പോലീസും കേസെടുത്തിട്ടുള്ളത്. ഇഷ്ടിക കളത്തിലെ തന്നെ മറ്റൊരിടത്ത് കൂട്ടിയിട്ടിരുന്ന കളിമണ്ണ് മണല്‍ കലര്‍ന്ന മണ്ണുമായി മിക്സ് ചെയ്യുന്നതിനിടെ തെന്നി ലോറി മറിയുകയായിരുന്നു. നല്ല വഴുക്കലുള്ള മണ്‍കൂനയില്‍ വാഹനം കയറ്റി ലോഡ് ഇറക്കുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷ മുന്‍ കരുതലുകള്‍ എടുത്തിരുന്നില്ല എന്നാണ് കണ്ടെത്തിയിട്ടുള്ളത്.
മുകള്‍ ഭാഗത്തായി ലോഡ് ഇറക്കുമ്പോള്‍ തൊട്ടു താഴെ മറ്റൊരു ലോറി മണ്ണുമായി നിര്‍ത്തിയിട്ടിരുന്നത് അശ്രദ്ധയുടെ തെളിവാണെന്ന് പറയുന്നു. ഇഷ്ടിക കളങ്ങളില്‍ കളിമണ്ണ് കടത്തും ജോലികളും രാത്രികാലങ്ങളിലാണ് നടത്തുന്നത്. ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇവിടങ്ങളിലെല്ലാം നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് പണിയെടുക്കുന്നത്. പൊതുജലസ്രോതസുകളില്‍ നിന്നുള്ള വെള്ളം ഊറ്റലും ഇവിടങ്ങളില്‍ വലിയ തോതിലാണ് നടക്കുന്നത്. കുന്നിടിച്ച് നടക്കുന്ന മണ്ണ് കടത്തും രാത്രികളിലാണ്. മതിയായ രേഖകളില്ലാതെയാണ് ഇതെല്ലാം നടക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. ബന്ധപ്പെട്ട വകുപ്പുകളുടെയെല്ലാം അറിവോടെയാണ് ഈ അനധികൃത നടപടികളെല്ലാം നടക്കുന്നതെന്നതും ശ്രദ്ധേയമാണ്. തലേന്ന് വൈകുന്നേരം വരെ കൃഷി ഉണ്ടായിരുന്ന സ്ഥലം നേരം ഇരുട്ടി വെളുക്കുന്നതോടെ മണ്ണ് നികന്ന ഭൂമിയാകുന്ന കാഴ്ചകളാണ് നടക്കുന്നത്.
മുൻപൊക്കെ ഇത്തരം പ്രവൃത്തി കണ്ടാല്‍ സ്റ്റോപ്പ് മെമ്മോ കൊടുക്കുന്നതും ഇല്ലാതായി.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.