മംഗലംഡാം: ചൂട് കൂടി വലിയതോതില്‍ ഇലകൊഴിച്ചിലും, ഉണക്കവും ആരംഭിച്ചിരിക്കെ മലയോരങ്ങളിലും, വനാതിര്‍ത്തികളിലും ഫയര്‍ ലൈന്‍ ഒരുക്കാന്‍ വൈകുന്നത് തോട്ടമുടമകളിലും താമസക്കാരിലും വലിയ ആശങ്ക ഉണ്ടാക്കുന്നു. ഫയര്‍ ലൈനിനായി വനംവകുപ്പില്‍ നിന്നും ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും അതിന്റെ നടപടികളിലേക്കു നീങ്ങാന്‍ ഇനിയും സമയമെടുക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ നാമമാത്രമായ ഫണ്ടാണ് ഫയര്‍ലൈന്‍ ഒരുക്കാന്‍ അനുവദിച്ചിരുന്നത്.
ഇത് കാട്ടുതീ തടയാന്‍ പര്യാപ്തമായിരുന്നില്ല. എന്നാല്‍ വേനലില്‍ നല്ലമഴ കിട്ടി പച്ചപ്പു നിറഞ്ഞതിനാല്‍ കാട്ടുതീ വ്യാപകമാകാതെ സംരക്ഷണമുണ്ടായി. എന്നാല്‍ ഇത്തവണ വേനല്‍മഴ മാറി നിന്നാല്‍ തീപിടുത്ത സാധ്യത കൂടും. ഇപ്പോള്‍ തന്നെ മംഗലംഡാം റിസര്‍വോയറിന്റെ കിഴക്കന്‍ മലകളില്‍ തീ കണ്ടു തുടങ്ങിയിട്ടുണ്ട്.
മംഗലംഡാം മേഖലയില്‍ ഏഴു കിലോമീറ്റര്‍ ദൂരത്തിലാണ് ഫയര്‍ലൈന്‍ ഒരുക്കുന്നതിനുള്ള ഫണ്ട് അനുവദിച്ചിട്ടുള്ളത്. ഇതിന്റെ പ്രവൃത്തികള്‍ വൈകാതെ ആരംഭിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ പറയുന്നു. പാലക്കുഴി മലയോരമേഖല ഉള്‍പ്പെടുന്ന വടക്കഞ്ചേരി സെക്ഷനില്‍ ഫയര്‍ലൈന്‍ ഒരുക്കേണ്ടതിന്റെ ആവശ്യകത ഇല്ലെന്നാണു കണ്ടെത്തിയിട്ടുള്ളത്. വീഴുമല ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ഫയര്‍ ബ്രേക്ക് എന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഫയര്‍ ലൈന്‍ എടുക്കുന്നതിന്റെ ഭാഗമായി നിശ്ചിത വീതിയില്‍ തീ കത്തിച്ചാണ് ഫയര്‍ ലൈന്‍ ഒരുക്കിയിരുന്നത്.
എന്നാല്‍ ഇപ്പോള്‍ തീ കത്തിക്കല്‍ ഒഴിവാക്കി നിശ്ചിത വീതിയിലുള്ള ഭാഗങ്ങളിലെ ചെടികളും, പുല്ലും കട്ട് ചെയ്യുന്ന രീതിയാണ് നടപ്പിലാക്കുന്നതെന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ. സലീം പറഞ്ഞു.
Similar News
ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.
പനംകുറ്റിയില്‍ വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം
തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ പതിനഞ്ചിടത്ത് നിര്‍മാണപ്രവൃത്തികള്‍