വടക്കഞ്ചേരി: റോഡിൽ അടയാളവരകളിടാൻ പെയിന്റിനുപകരം ടേപ്പ് ഒട്ടിക്കൽ പരീക്ഷണവുമായി ദേശീയപാതാ അതോറിറ്റി. പെയിന്റിനേക്കാൾ കൂടുതൽ തിളക്കമുള്ളതിനാൽ ‘ടേപ്പ് വരകൾ’ പെട്ടെന്ന് ശ്രദ്ധിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണം.
മഴക്കാലത്തുൾപ്പെടെ തിളക്കം നിലനിൽക്കുമെന്നതിനാൽ കേരളത്തിലെ കാലാവസ്ഥയ്ക്ക് ഗുണകരമാകും. വാളയാർ-വടക്കഞ്ചേരി നാലുവരിപ്പാതയിൽ യാക്കര ഭാഗത്ത് 1.2 കിലോമീറ്ററിൽ ഇരുദിശകളിലുമാണ് പരീക്ഷണമെന്ന നിലയിൽ ടേപ്പ് ഒട്ടിക്കുന്നത്. റോഡിൽ പശതേച്ചശേഷം പ്രത്യേക യന്ത്രത്തിൽ ടേപ്പിന്റെ റോൾ ഘടിപ്പിച്ച് റോഡിൽ ഒട്ടിക്കുന്നതാണ് രീതി. ടേപ്പുപയോഗിച്ചുള്ള വരയിടലിന് ചെലവ് കൂടുതലാണെങ്കിലും കൂടുതൽകാലം നിലനിൽക്കുമെന്നതും എളുപ്പത്തിൽ ചെയ്യാമെന്നതും നേട്ടമായി ദേശീയപാതാ അതോറിറ്റി വിലയിരുത്തുന്നു.
ആറുമാസം നിരീക്ഷിച്ചശേഷം തൃപ്തികരമെങ്കിൽ മറ്റിടങ്ങളിൽ വരയിടാൻ ടേപ്പ് ഉപയോഗിക്കുന്നതിനുള്ള നടപടികളിലേക്ക് ദേശീയപാതാ അതോറിറ്റി കടക്കും. ദേശീയപാതയുടെ നിർമാണത്തിൽ അടിസ്ഥാനമാക്കുന്ന ഇന്ത്യൻ റോഡ് കോൺഗ്രസിലെ നിർദേശങ്ങളിലും ടേപ്പ് ഉപയോഗിച്ചുള്ള വരയിടൽ ഉൾപ്പെട്ടിട്ടുണ്ട്.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.