ചിറ്റടി, വിആര്‍ടി, പന്തലാംപാടം ദേവാലയങ്ങളിലെ തിരുനാള്‍ ആഘോഷങ്ങള്‍ സമാപിച്ചു.

മംഗലംഡാം: ചിറ്റടി മരിയനഗര്‍ സെന്‍റ്മേരിസ് ദേവാലയത്തിലെ തിരുനാളിന് ഇന്ന് സമാപനമാകും. പാലക്കാട് യുവക്ഷേത്ര കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ലാലു ജോസഫ് ഓലിക്കല്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചതോടെയാണ് തിരുനാളിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് കുര്‍ബാന, ലദീഞ്ഞ്, രൂപം എഴുന്നള്ളിച്ച്‌ വെക്കല്‍ എന്നിവ നടന്നു. ശനിയാഴ്ച രാവിലെ ഇടവകാംഗം ഫാ. ഫ്രെഡി അരിക്കാടന്‍റെ കാര്‍മികത്വത്തില്‍ കുര്‍ബാന, ലദീഞ്ഞ് എന്നിവയുണ്ടായി. ഉച്ചകഴിഞ്ഞ് വീടുകളിലേക്ക് അന്പ് എഴുന്നള്ളിപ്പ്. വൈകീട്ട് അന്പ് എഴുന്നുള്ളിപ്പുകള്‍ പള്ളിയിലെത്തി സമാപിച്ചു. തുടര്‍ന്ന് ലദീഞ്ഞ്, സ്നേഹവിരുന്നുമുണ്ടായി. ഇടവക ദിന വാര്‍ഷിക പരിപാടികളും മജീഷ്യന്‍ പ്രേമദാസിന്‍റെ മാജിക് ഷോയും അരങ്ങേറി. ഇന്നലെ രാവിലെ ഏഴിന് കുര്‍ബാന. വൈകീട്ട് 3. 30ന് നടന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനക്ക് ഫാ. കുര്യാക്കോസ് മാരിപുറത്ത് കാര്‍മികത്വം വഹിച്ച്‌ സന്ദേശം നല്കി. തുടര്‍ന്ന് പ്രദക്ഷിണം, കുരിശിന്‍റെ ആശിര്‍വാദം, ബാന്‍ഡ്, ചെണ്ടമേളങ്ങള്‍, പ്രകാശ വിസ്മയം എന്നിവ നടന്നു. ഇന്ന് രാവിലെ 6. 30ന് പരേതര്‍ക്കായുള്ള കുര്‍ബാനയോടെ തിരുനാളിന് സമാപനമാകും. വികാരി ഫാ. ജോസ് കൊച്ചുപറന്പില്‍, കണ്‍വീനര്‍മാരായ ജോയ് കിഴക്കേപറന്പില്‍, ജോണി വേലംകുന്നേല്‍ കൈകാരാരായ ഡേവിസ് ആലപ്പാട്ട്, ബേബി വട്ടംകണ്ടത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാള്‍ പരിപാടികള്‍.

മംഗലംഡാം: ബാലേശ്വരം വി ആര്‍ ടി ഇന്‍ഫന്‍റ് ജീസസ് ദേവാലയത്തിലെ തിരുനാളാഘോഷത്തിനും ഇന്ന് സമാപനമാകും. വൈകീട്ട് 4. 30ന് മരിച്ചവരുടെ ഓര്‍മ ദിനമായി കുര്‍ബാനയും ഒപ്പീസും നടക്കും. ഇന്നലെ വൈകീട്ട് നടന്ന ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബാനക്ക് വള്ളിയോട് സെന്‍റ്മേരിസ് പോളിടെക്നിക് കോളജ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ. ആന്‍സന്‍ കൊച്ചറക്കല്‍ മുഖ്യകാര്‍മികനായി. മുണ്ടൂര്‍ സീനായ് ധ്യാനകേന്ദ്രത്തിലെ ഫാ. ജെയിന്‍ തെക്കേക്കുന്നേല്‍ കപ്പൂച്ചിന്‍ വചന സന്ദേശം നല്‍കി. തുടര്‍ന്ന് സില്‍വര്‍ ജൂബിലി വര്‍ഷ ഉദ്ഘാടനവും വാദ്യഘോഷങ്ങളോടെ പ്രദക്ഷിണവും സ്നേഹവിരുന്നുമുണ്ടായി. വെള്ളിയാഴ്ച വള്ളിയോട് സെന്‍റ്മേരിസ് പോളിടെക്നിക് കോളജ് ജോയിന്‍റ് ഡയറക്ടര്‍ ഫാ. അനു കളപ്പുരക്കല്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചാണ് തിരുനാളിന് തുടക്കം കുറിച്ചത്. ശനിയാഴ്ച വൈകീട്ട് പഞ്ചാബ് മിഷനിലെ ഫാ. ജിബിന്‍ കണ്ടത്തില്‍ കുര്‍ബാനക്ക് കാര്‍മികനായി. വണ്ടാഴി സാന്‍ പിയോ ആശ്രമത്തിലെ ഫാ.ഗ്രേഷ്യന്‍ കപ്പൂച്ചിന്‍ വചന സന്ദേശം നല്കി. വികാരി ഫാ. ഫെബിന്‍ വടക്കേക്കുടി, കണ്‍വീനര്‍ ടോണി പാറതലക്കല്‍, കൈകാരാരായ സിബിന്‍ പഴൂര്‍, ബ്ലസന്‍ കാരാംകുന്നേല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരുനാള്‍ പരിപാടികള്‍.

വടക്കഞ്ചേരി: പന്തലാംപാടം നിത്യസഹായ മാതാ ദേവാലയത്തില്‍ വികാരി ഫാ.ജോബി കാച്ചപ്പിള്ളി കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചാണ് തിരുനാളിന് തുടക്കം കുറിച്ചത്. ഇടവക ദിനമായിരുന്ന ശനിയാഴ്ച വൈകീട്ട് ആഘോഷമായ കുര്‍ബാന, ലദീഞ്ഞ്, നൊവേന എന്നിവ നടന്നു. ഫാ. ഡേവിസ് ചക്കുംപീടിക കാര്‍മികനായി. വള്ളിയോട് സെന്‍റ് മേരീസ് പോളിടെക്നിക് കോളജ് ഡയറക്ടര്‍ റവ.ഡോ.മാത്യു ഇല്ലത്തു പറന്പില്‍ സന്ദേശം നല്കി. തുടര്‍ന്ന് കലാസന്ധ്യ, സ്നേഹവിരുന്നും ഒരുക്കിയിരുന്നു. പ്രധാന തിരുനാള്‍ ദിവസമായ ഇന്നലെ രാവിലെ ഏഴിന് കുര്‍ബാന.തുടര്‍ന്ന് വീടുകളിലേക്ക് അന്പ് പ്രദക്ഷിണം. വൈകീട്ട് നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ. സേവ്യര്‍ വളയത്തില്‍ കാര്‍മികനായി. ഫാ. ബിജു കല്ലിങ്കല്‍ തിരുനാള്‍ സന്ദേശം നല്കി.തുടര്‍ന്ന് മേരിഗിരി ജംഗ്ഷനിലേക്ക് പ്രദക്ഷിണം. ബാന്‍റ് മേളം, ശിങ്കാരിമേളം, ആകാശവിസ്മയം എന്നിവ നടന്നു. ഇന്ന് രാവിലെ 6.30ന് മരിച്ചവരുടെ ഓര്‍മ ദിനം. കുര്‍ബാന, ഒപ്പീസ് എന്നിവയോടെ തിരുനാളിന് സമാപനമാകും. വികാരി ഫാ. ജോബി കാച്ചപ്പിള്ളി, കണ്‍വീനര്‍ ജോണ്‍സണ്‍ വരകുകാലായില്‍, കൈക്കാരാരായ ജോര്‍ജ് മലേകണ്ടത്തില്‍, ജോസ് വടക്കേമുറിയില്‍, ക്രിസ്റ്റഫര്‍ മലേകണ്ടത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാള്‍ പരിപാടികള്‍.