വടക്കഞ്ചേരി: ദേശീയപാത നിര്‍മാണം കഴിഞ്ഞ് ടോള്‍ പിരിവ് തുടങ്ങി ഒരു വര്‍ഷമായിട്ടും റോഡ് നിര്‍മാണത്തിനുള്ള മണ്ണും കല്ലും കുഴിച്ചെടുക്കല്‍ തുടരുന്നു.
ചുവട്ടുപാടം ശങ്കരന്‍കണ്ണംതോട്ടില്‍ കരാര്‍ കമ്പനിയുടെ ഓഫീസിനടുത്തെ പ്രദേശങ്ങളില്‍ നിന്നാണ് മണ്ണ് കടത്തും കല്ലുകടത്തും നിര്‍ബാധം തുടരുന്നത്.
സര്‍വീസ് റോഡ് ഉള്‍പ്പെടെ എല്ലാ പണികളും കഴിഞ്ഞെന്ന് കരാര്‍ കമ്പനി തന്നെ അവകാശപ്പെടുന്ന മണ്ണുത്തി ഭാഗത്തേക്കാണ് കല്ലും മണ്ണും കയറ്റി പോകുന്നത്.
റോഡിന്റെ പണികള്‍ പൂര്‍ത്തിയാക്കാനുള്ള പാലക്കാട് ജില്ലയിലെ ഭാഗങ്ങളില്‍ പക്ഷെ, പണികളെല്ലാം ഇപ്പോഴും മെല്ലെ പോക്കിലുമാണ്.
വടക്കഞ്ചേരി മണ്ണുത്തി ആറുവരി ദേശീയപാത നിര്‍മാണം പൂര്‍ത്തിയായെന്ന് സ്വയം അവകാശപ്പെട്ട് കഴിഞ്ഞ മാര്‍ച്ച് ഒൻപതിന് അര്‍ധരാത്രി മുതലാണ് ടോള്‍ പിരിവ് തുടങ്ങിയത്.
ഇതിനിടെ കുതിരാന്‍ ഭാഗത്ത് റോഡ് പണി പൂര്‍ണമായി, റോഡില്‍ ലൈന്‍ വരച്ചു എന്നൊക്കെ ചൂണ്ടിക്കാട്ടി പിന്നേയും രണ്ട് തവണ ടോള്‍ നിരക്ക് കൂട്ടി.
കീപ്പ് ലെഫ്റ്റ്, ലൈന്‍ ട്രാഫിക് എന്നിങ്ങനെയെല്ലാം നടപ്പിലാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും റീച്ച് തിരിച്ച് പോലീസുമൊക്കെ പാതകളില്‍ ഉള്ളപ്പോഴാണ് ഈ കടത്ത്.
രാത്രി കാലങ്ങളില്‍ മറ്റിടങ്ങളിലും മണ്ണ് കടത്ത് വ്യാപകമാണ്. പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് ഇപ്പോള്‍ കരാര്‍ കമ്പനി.
ശബരിമല തീര്‍ഥാടകരുടെ തിരക്ക് കഴിയുന്നതോടെ പിരിവ് തുടങ്ങാനാണ് അണിയറയില്‍ നീക്കം നടക്കുന്നത്.
ടോള്‍ പിരിക്കാന്‍ തങ്ങള്‍ക്ക് താത്പര്യമില്ല എന്നാല്‍ കോടതി നിര്‍ബന്ധിക്കുന്നു എന്നാണ് ഇതിന് കരാര്‍ കമ്പനി പറയുന്ന ന്യായീകരണം. തല്ക്കാലം എം എല്‍ എ ഇടപ്പെട്ട് നീട്ടിവച്ചിരിക്കുകയാണ് പ്രദേശവാസികളില്‍ നിന്നുള്ള ടോള്‍ പിരിവ്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ടോൾ കൊടുക്കേണ്ടതും പന്നിയങ്കരയിൽ തന്നെയാണ്.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.