ഫയർ ലൈൻ നിർമ്മാണ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.

നെമ്മാറ: മഴ ഒഴിവായി വേനൽ ചൂട് കൂടാൻ തുടങ്ങിയതോടെ കാട്ടുതീ തടയുന്നതിന് ഫയർ ലൈൻ നിർമ്മാണത്തിന് മുന്നോടിയായി വനമേഖലയിൽ അടിക്കാടുകൾ വെട്ടിത്തളിച്ചു തുടങ്ങി. നെന്മാറ വനം ഡിവിഷനിലെ തിരുവഴിയാട് സെക്ഷനിലാണ് വൈദ്യുത വേലികളോട് ചേർന്നും ഫയർ ലൈൻ നിർമ്മിക്കേണ്ട ഭാഗങ്ങളിലും അടിക്കാടുകൾ യന്ത്രം ഉപയോഗിച്ച് വെട്ടിത്തെളിച്ചു തുടങ്ങിയത്. കരാർ എടുത്തയാൾ അതിഥി തൊഴിലാളികളെ ഉപയോഗിച്ചാണ് പണി നടത്തുന്നത്.

തളിപ്പാടം, കരിമ്പാറ, പുളിക്കൽ ചിറ, കാന്തളം, പ്രദേശങ്ങളിലാണ് ഫയർ ലൈൻ നിർമ്മിക്കുന്നതിനായി അടിക്കാടുകൾ വെട്ടി വൃത്തിയാക്കി തുടങ്ങിയത്. വെട്ടി വൃത്തിയാക്കിയ സ്ഥലങ്ങളിലെ പാഴ്ചെടികളും മറ്റും ഉണങ്ങിയതിനുശേഷം 5.2 മീറ്റർ വീതിയിൽ പുല്ലുകളും കരിയിലകളും ചെത്തി മാറ്റി തീയിട്ട് വനമേഖലയിൽ കാട്ടുതീ കയറാത്ത രീതിയിൽ ഫയർ ലൈൻ നിർമ്മിക്കും.