തേങ്കുറുശ്ശിയില്‍ ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ വെള്ളം.

തേങ്കുറുശ്ശി: ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ വെള്ളം ‘വാട്ടര്‍ എ.ടി.എം’ പദ്ധതി തേങ്കുറിശിയില്‍ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം ഒരു രൂപ നാണയമിട്ടാല്‍ ഒരു ലിറ്റര്‍ വെള്ളവും അഞ്ച് രൂപയുടെ നാണയമിട്ടാല്‍ അഞ്ച് ലിറ്റര്‍ വെള്ളവും വാട്ടര്‍ എ.ടി.എമ്മിലൂടെ ലഭിക്കും. പഞ്ചായത്ത് 4.75 ലക്ഷം വിനിയോഗിച്ച്‌ നടപ്പിലാക്കുന്ന വാട്ടര്‍ കിയോസ്‌ക് പദ്ധതിയിലൂടെയാണ് ജലവിതരണം.

കുഴല്‍ കിണറില്‍ നിന്ന് ഫില്‍റ്റര്‍ ചെയ്ത പ്യൂരിഫൈഡ് വെള്ളമാണ് നല്‍കുന്നത്. ഒരു മണിക്കൂറില്‍ 500 ലിറ്റര്‍ ശേഷിയുളള ടാങ്കിലേക്കാണ് വെള്ളം സംഭരിക്കുന്നത്. പദ്ധതി നടപ്പാക്കുന്ന ജില്ലയിലെ രണ്ടാമത്തെ പഞ്ചായത്താണ് തേങ്കുറിശ്ശി, മുഴുവന്‍ വാര്‍ഡുകളിലും ഇത് നടപ്പാക്കും.

പരിപാടിയില്‍ ഹരിത സേനാംഗങ്ങള്‍ക്കുള്ള യൂണിഫോം വിതരണവും സംസ്ഥാന കായികമേളയില്‍ മൂന്ന് സ്വര്‍ണ്ണം കരസ്ഥമാക്കിയ തേങ്കുറിശ്ശി സ്വദേശിനി നിവേദ്യയ്ക്കുള്ള ഉപഹാരം നല്‍കലും മന്ത്രി നിര്‍വഹിച്ചു. കെ.ഡി പ്രസേനന്‍ എം.എല്‍.എ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍.ഭാര്‍ഗവന്‍, സെക്രട്ടറി കെ.കിഷോര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.