വെള്ളമില്ലാത്തതിനാൽ കുനിശ്ശേരിയിൽ 100 ഏക്കറോളം നെല്‍കൃഷി ഉണക്കത്തിലേക്ക്.

കുനിശ്ശേരി: ജലവിതരണത്തിലെ അപാകത കാരണം കുനിശ്ശേരിയിൽ 100 ഏക്കറോളം നെല്‍കൃഷി ഉണക്കഭീഷണിയില്‍. കുനിശ്ശേരി തെക്കേതറ പാടശേഖരത്തിലാണ് നെല്‍വയല്‍ കട്ട വിണ്ടുകീറിയിട്ടുള്ളത്.

മലമ്പുഴയുടെ ഒന്ന്, രണ്ട് സെക്ഷന്‍ കനാലിന്റെ വാലറ്റ പ്രദേശമാണിത്. പല ഘട്ടങ്ങളിലായി കനാലില്‍ വെള്ളം വിട്ടെങ്കിലും വാലറ്റ ഭാഗത്ത് വെള്ളം എത്തിയോ എന്ന് നോക്കാതെ കനാല്‍ പൂര്‍ണമായി അടച്ച്‌ മറ്റ് ഭാഗത്തേക്ക് വെള്ളം തിരിച്ചുവിടുന്നതാണ് ഇതിന് കാരണം. നെല്‍കൃഷിക്ക് വേനലില്‍ വെള്ളം വിട്ടു തുടങ്ങിയാല്‍ ഏതു ഭാഗത്തേക്ക് തിരിക്കുമ്പോഴും ചെറിയ അളവില്‍ നീരൊഴുക്ക് കനാലില്‍ നിലനിര്‍ത്തേണ്ടതുണ്ട്.

അതില്ലാതെ വരുമ്പോഴാണ് വാലറ്റ ഭാഗങ്ങളില്‍ കൃഷി ഉണങ്ങുന്നത്. വെള്ളം കിട്ടിയില്ലെങ്കില്‍ ആ ഭാഗത്തെ കര്‍ഷകരുടെ ആറ് മാസത്തെ അധ്വാനവും മുടക്കുമുതലുമാണ് നഷ്ടപ്പെടുന്നത്. അതോടെ അവരുടെ ജീവിതവും വഴിമുട്ടും.