മംഗലംഡാമിലെ മണ്ണെടുക്കല്‍ നിലച്ചിട്ട് ഒരു വര്‍ഷം.

മംഗലംഡാം: മംഗലംഡാമിലെ മണ്ണെടുക്കല്‍ പ്രവൃത്തി നിശ്ചലമായി ഒരു വര്‍ഷമായിട്ടും സര്‍ക്കാര്‍ ഇടപ്പെടുന്നില്ലെന്ന ആക്ഷേപം ശക്തം. മൂന്നുവര്‍ഷം കൊണ്ട് ഡാമിലെ മണ്ണും മണലും നീക്കം ചെയ്ത് ജലസംഭരണം വര്‍ധിപ്പിച്ച്‌ നാല് പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതിക്കായി വെള്ളം കണ്ടെത്തുമെന്നായിരുന്നു പ്രഖ്യാപനം.

2020 ഡിസംബറിലാണ് ഡാമില്‍ ഡ്രഡ്ജിംഗ് വര്‍ക്കുകള്‍ ആരംഭിച്ചത്. പണി തുടങ്ങി 30 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തികരിക്കണമെന്നായിരുന്നു കരാര്‍ വ്യവസ്ഥ. തുടക്കത്തില്‍ നല്ല രീതിയില്‍ നടന്ന പ്രവൃത്തികള്‍ പിന്നീട് കരാര്‍ കമ്പനി വിഷയത്തില്‍ എല്ലാം നിലച്ചു.

ഇപ്പോള്‍ യന്ത്ര സംവിധാനങ്ങളെല്ലാം കാടുമൂടിയ നിലയിലായി. മണ്ണെടുക്കുന്ന ഡ്രഡ്ജര്‍ റിസര്‍വോയറില്‍ കിടപ്പാണ്. പൊന്‍കണ്ടം റോഡില്‍ കുന്നത്ത് ഗെയ്റ്റിനടുത്ത് റിസര്‍വോയറിന്‍റെ കരയില്‍ സ്ഥാപിച്ചിരുന്ന മണല്‍ സോര്‍ട്ടിംഗ് പ്ലാന്‍റ് കാട് മൂടി നശിച്ചു.

130 കോടിയോളം രൂപയുടെ കുടിവെള്ള പദ്ധതി പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കെയാണ് മണ്ണ് നീക്കല്‍ അനിശ്ചിതത്വത്തില്‍ തുടരുന്നത്. മഴക്കാലത്ത് പ്ലാന്‍റ് പ്രവര്‍ത്തിപ്പിച്ച്‌ മണല്‍ തരംതിരിക്കുന്ന പ്രവൃത്തി നടത്താന്‍ ഡാമിന്‍റെ പല ഭാഗത്തും മണ്ണ് കുന്നു കൂട്ടിയിട്ടു. ഇന്നതെല്ലാം പൊന്തകാട് കയറി. ഡാം പരിസരം അനാഥാവസ്ഥയിലാണിപ്പോള്‍.

നിരീക്ഷണ കാമറകളും ലൈറ്റ് പോസ്റ്റുകളും സെക്യൂരിറ്റി ഷെഡ്ഡുമെല്ലാം കാടുപിടിച്ചു. അതല്ലെങ്കില്‍ ഈ ഭാഗത്ത് ഒരാള്‍ക്ക് കടക്കണമെങ്കില്‍ സെക്യൂരിറ്റിയുടെ പ്രത്യേക അനുമതി വേണം. ദൂരെ നിന്നുപോലും ഡാമിന്‍റെ ഒരു പടം മൊബൈല്‍ പകര്‍ത്തുന്നതിനു പോലും വിലക്കായിരുന്നു. ഇപ്പോള്‍ ഒന്നുമില്ല. 2020 ഡിസംബര്‍ 17നാണ് ഡാമിലെ മണ്ണ് നീക്കല്‍ ആരംഭിച്ചത്.

വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണബ്ര എന്നീ നാല് പഞ്ചായത്തുകള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ ലക്ഷ്യം വെച്ചാണ് ഡാമിലെ മണ്ണ് നീക്കം തുടങ്ങിയത്. പഞ്ചായത്ത് റോഡുകളെല്ലാം വെട്ടിപ്പൊളിച്ചാണ് പദ്ധതിയുടെ പൈപ്പിടല്‍ തകൃതിയായി നടക്കുന്നുമുണ്ട്.

വിഷയത്തില്‍ സര്‍ക്കാരിന്‍റെ അടിയന്തിര ഇടപെടല്‍ വേണമെന്ന ആവശ്യമാണ് ഉയരുന്നത്.അതല്ലെങ്കില്‍ 130 കോടി രൂപയുടെ കുടിവെള്ള പദ്ധതിയും പാഴാകും. കുറെ കുടിവെള്ള പൈപ്പുകള്‍ മണ്ണിനടിയില്‍ കിടന്ന് വേനലില്‍ ഇനി അതിന്‍റെ ചൂട് കൂടി ജനങ്ങള്‍ സഹിക്കേണ്ടി വരും.