ക്വാറി, ക്രഷര്‍ അനിശ്ചിതകാല പണിമുടക്ക്; നിര്‍മാണമേഖല സ്തംഭിക്കുമെന്ന് ആശങ്ക.

വടക്കഞ്ചേരി: ക്വാറി, ക്രഷര്‍ മേഖലയില്‍ 30 മുതല്‍ ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്ക് സംസ്ഥാനത്തെ നിര്‍മാണ മേഖല സ്തംഭനാവസ്ഥയിലേക്കു നീങ്ങുമെന്ന് ആശങ്ക.റോഡ് വികസനം, കെട്ടിട നിര്‍മാണം തുടങ്ങി എല്ലാം നിശ്ചലമാകും. ക്വാറി, ക്രഷര്‍ മേഖലയിലുള്ള കേരളത്തിലെ അഞ്ച് സംഘടനകളും സംയുക്തമായി ഏകോപന സമിതി രൂപീകരിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ക്വാറി, ക്രഷര്‍ മേഖല അവശ്യ മേഖലയായിട്ടും സര്‍ക്കാര്‍ അവഗണനയും ഉദ്യോഗസ്ഥ വിഭാഗങ്ങളുടെ പീഡനങ്ങളുമാണ് പണിമുടക്കിന് ആധാരമെന്ന് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ പി.ജെ. ജോഷി പറഞ്ഞു. ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്നതില്‍ മനപൂര്‍വം കാലതാമസം വരുത്തി ഉണ്ടാക്കുന്ന ദ്രോഹനടപടികള്‍ ഏറെയാണ്. എന്തിനും ഏതിനും കുറ്റം കണ്ടെത്തി സംരംഭകരെ ഇല്ലാതാക്കുന്ന നടപടികളാണ് ഉണ്ടാകുന്നത്. ടിപ്പര്‍, ടോറസ് എന്നിവയുടെ നിലവിലെ ബോഡി അളവില്‍ കല്ല് കയറ്റിയാല്‍ അത് ഓവര്‍ലോഡാണെന്ന് പറഞ്ഞ് വന്‍ തുക പിഴ ചുമത്തി ഓട്ടം നിര്‍ത്തിക്കും. എന്നാല്‍ ബോഡി ചെറുതാക്കി പണിത് ഓടിച്ചാല്‍ ആള്‍ട്ടറേഷന്‍ ചെയ്തു എന്നു പറഞ്ഞ് അപ്പോഴും വേറെ പിഴ കൊടുക്കണം.ജിയോളജി വകുപ്പ് മുതല്‍ എല്ലാ വകുപ്പുകളുടെയും സാമ്പത്തിക സ്രോതസാക്കി ക്രഷര്‍, ക്വാറി മേഖലയെ മാറ്റുന്നതായും അസോസിയേഷന്‍ ആരോപിക്കുന്നു. ക്രഷര്‍ മേഖലയിലെ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ഇന്നലെ അസോസിയേഷന്‍റെ ജില്ലയിലെ അംഗങ്ങള്‍ യോഗം ചേര്‍ന്നിരുന്നു. ക്രഷര്‍, ക്വാറി മേഖലയില്‍ അനിശ്ചിതകാല പണിമുടക്ക് മുന്നില്‍കണ്ട് കരിങ്കല്ല് ഉല്‍പ്പന്നങ്ങള്‍ക്ക് വില ഉയര്‍ന്നു. വ്യവസായത്തെ നിലനിര്‍ത്താന്‍ ആവശ്യമായ സാഹചര്യം സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് സമിതിയുടെ ആവശ്യം.

THRISSUR GOLDEN
THRISSUR GOLDEN
IMG-20211113-WA0002
IMG-20211113-WA0002
previous arrow
next arrow