പാളയം-കരിപ്പാലി റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചതിൽ സന്തോഷത്തോടെ യാത്രക്കാർ.

വടക്കഞ്ചേരി: കാലങ്ങളേറെ നീണ്ട മുറവിളികള്‍ക്കൊടുവില്‍ റോഡ് കറുത്ത നിറമായി കണ്ടതിന്‍റെ സന്തോഷത്തിലാണ് പാളയം കരിപ്പാലി റോഡിലൂടെ യാത്ര ചെയ്യുന്നവര്‍. ടാര്‍ കാണാത്ത വിധമായിരുന്നു ഈ റോഡിന്‍റെ പൂര്‍വ സ്ഥിതി. റോഡിലൂടെയുള്ള ദുര്‍ഘട യാത്രയില്‍ മനം മടുത്ത് ഭരണ സംവിധാനങ്ങളെയെല്ലാം അധിക്ഷേപിച്ചും തെറിയഭിഷേകം നടത്തിയുമായിരുന്നു റോഡിലൂടെ വാഹന യാത്രക്കാര്‍ കടന്നു പോയിരുന്നത്. രണ്ടു ദിവസമായി ഇവിടെ ടാറിംഗ് പണികള്‍ നടക്കുന്നുണ്ട്. 1.6 കിലോമീറ്റര്‍ ദൂരമുള്ള റോഡ് ഏതാണ്ട് റീ ടാറിംഗ് പൂര്‍ത്തിയായി. ഇനി കുറച്ചു ദൂരം കൂടി മാത്രമെ ശേഷിക്കുന്നുള്ളു.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ അനിതാ പോള്‍സന്‍റെ ശ്രമഫലമായാണ് റീ ടാറിംഗിനായി ജില്ലാ പഞ്ചായത്തില്‍ നിന്നും 35 ലക്ഷം രൂപ അനുവദിച്ചത്. കിഴക്കഞ്ചേരിയില്‍ മമ്പാട് പാലത്തിന്‍റെ പുനര്‍നിര്‍മാണ ജോലികള്‍ നടക്കുന്നതിനാല്‍ അതുവഴിക്കുള്ള ബസ് ഉള്‍പ്പെടെ മുഴുവന്‍ വാഹനങ്ങളും ഇപ്പോള്‍ ഈ റോഡിലൂടെയാണ് വടക്കഞ്ചേരിയില്‍ എത്തുന്നത്. പൂര്‍ത്തിയാകുന്ന റീ ടാറിംഗ് പണികള്‍ കുറച്ചുകാലമെങ്കിലും നിലനില്‍ക്കണേ എന്ന പ്രാര്‍ത്ഥനയെ ഇനി യാത്രികര്‍ക്കുളളു. മഴക്കാലങ്ങളില്‍ മുങ്ങുന്ന പാളയം, കരിപ്പാലി പാലങ്ങള്‍ ഉയര്‍ത്തി നിര്‍മിക്കുന്നതിനൊപ്പം, റോഡും ഉയര്‍ത്തി നിര്‍മിച്ചാല്‍ മാത്രമേ റോഡിന്‍റെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകൂ എന്നാണ് ചൂണ്ടിക്കാട്ടുന്നത്.