റോഡ് ഗതാഗത സൗകര്യമില്ല; രോഗിയെ ചുമലിലേറ്റി ആംബുലൻസിലെത്തിച്ചു.

നെന്മാറ: അയിലൂർ തിരുവഴിയാട് മുടിക്കുറക്കാർക്ക് റോഡ് ഗതാഗത സൗകര്യമില്ല. രോഗിയെ മഞ്ചലിലും, തോളിൽ ചുമന്നുമാണ് ആംബുലൻസിൽ എത്തിച്ചത്. മുടിക്കുറയിലുള്ള 32 വീട്ടുകാർക്ക് ഇരുചക്രവാഹനം പോലും കൊണ്ടുപോകാനുള്ള ഗതാഗത സൗകര്യമില്ല. പഞ്ചായത്ത്, റവന്യൂ തുടങ്ങിയ വിവിധ വകുപ്പുകളിൽ വർഷങ്ങളായി അപേക്ഷ നൽകിയിട്ടും ഗതാഗത സൗകര്യം ഏർപ്പെടുത്തിയില്ല.

തിരുവഴിയാട് അമ്പലമുക്കിൽ നിന്നും മുടിക്കുറയിലേക്ക് നിലവിൽ സ്വകാര്യ വ്യക്തികളുടെ പാടവരമ്പിലൂടെയുള്ള വർഷങ്ങളായുള്ള നടവഴി മാത്രമാണ് ഏക ആശ്രയം. കഴിഞ്ഞദിവസം അസുഖം മൂലം വീട്ടിൽ അവശനായ ഭാസ്കരനുണ്ണിയെ പ്രധാന റോഡിൽ നിർത്തിയിട്ട ആംബുലൻസിൽ എത്തിക്കാൻ മറ്റൊരു വാർഡിലെ പഞ്ചായത്ത് അംഗം പത്മഗിരീശനും, പ്രദേശവാസികളും സ്ട്രക്ചറിലും, തോളിലും ഏറ്റിയാണ് റോഡിൽ എത്തിച്ചത്.

സ്വകാര്യ വ്യക്തികളുടെ നെൽപ്പാടത്തിലൂടെ 750 മീറ്ററോളം ഗതാഗത സൗകര്യമുള്ള റോഡ് നിർമ്മിച്ച് പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. വർഷകാലത്തും, നെൽകൃഷി ഇറക്കിയ സമയത്തും വീതി കുറഞ്ഞ പാടവരമ്പിലൂടെ സ്കൂൾ വിദ്യാർത്ഥികളും, വയോധിക ഉൾപ്പെടെയുള്ളവർ മുക്കാൽ കിലോമീറ്ററോളം ദൂരം നടക്കുക എന്നത് സാഹസിക അഭ്യാസമാണ്.

ഭൂ ഉടമകൾക്ക് വില നൽകി പഞ്ചായത്ത് സ്ഥലം ഏറ്റെടുത്ത് റോഡ് നിർമ്മിക്കണമെന്നും, റോഡ് നിർമ്മാണത്തിന് ഭൂവിനയോഗത്തിന് ഇളവ് നൽകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. ത്രിതല പഞ്ചായത്തുകൾ മുൻകൈയെടുത്ത് 250 ഓളം വരുന്ന പ്രദേശവാസികളുടെ ദീർഘകാല ആവശ്യത്തിന് പരിഹാരം കാണണമെന്നും, റോഡ് നിർമ്മാണം യാഥാർത്ഥ്യമായാൽ പ്രദേശത്ത് കുടിവെള്ളം പൈപ്പ് ലൈൻ മുഖേന എത്തിക്കാൻ കഴിയുമെന്നും പ്രദേശവാസികൾ പ്രത്യാശ പ്രകടിപ്പിച്ചു.