മംഗലംഡാം: വെള്ളംവറ്റി കട്ട വിണ്ടുകിടക്കുന്ന മംഗലംഡാം സ്രോതസാക്കിയുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ പൈപ്പിടല്‍ തകൃതി. പൈപ്പ് നനയാനുള്ള വെള്ളം ഉണ്ടാകുമോ എന്നറിയാതെയാണ് പഞ്ചായത്തുകളില്‍ ഹൗസ് കണക്ഷനുകള്‍ വരെ അതിവേഗതയില്‍ കൊടുത്തു കൊണ്ടിരിക്കുന്നത്.
പൈപ്പ് ഇടപാടില്‍ കോടികളുടെ കമ്മീഷന് അടിച്ചു മാറ്റാനാണ് ജലസ്രോതസ് ഉറപ്പുവരുത്താതെയുള്ള പൈപ്പിടല്‍ നടക്കുന്നതെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.
വണ്ടാഴി, കിഴക്കഞ്ചേരി , വടക്കഞ്ചേരി , കണ്ണമ്പ്ര എന്നീ നാല് പഞ്ചായത്തുകളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെള്ളമെത്തിക്കാന്‍ ലക്ഷ്യം വയ്ക്കുന്നതാണ് മംഗലംഡാം റിസര്‍വോയര്‍ ഉറവിടമാക്കിയുള്ള കുടിവെള്ള പദ്ധതി.
ദിവസം ഒരാള്‍ക്ക് 100 ലിറ്റര്‍ ശുദ്ധജലമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 140 കോടി രൂപയുടേതാണ് പദ്ധതി.
ജില്ലയിലെ തന്നെ വലിയ കുടിവെള്ള പദ്ധതികളിലൊന്നാണിത്. 1956 ല്‍ അന്നത്തെ മദിരാശി സര്‍ക്കാര്‍ 106 ലക്ഷം രൂപക്ക് ഡാമിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
മനോഹരമായ ദീപാലങ്കാരങ്ങളും ഉദ്യാനവും പൂന്തോട്ടവുമൊക്കെയായിട്ടായിരുന്നു ഡാം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അങ്ങനെയുള്ള ഡാമില്‍ നിന്നും ഇപ്പോള്‍ കുടിവെള്ള പദ്ധതിക്ക് മാത്രമായി 140 കോടി രൂപ ചെലവഴിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഡാമിലെ മണ്ണും ചെളിയും മണലും നീക്കം ചെയ്ത് ജലസംഭരണ ശേഷി കൂട്ടി കുടിവെള്ള പദ്ധതിക്ക് വെള്ളം ഉറപ്പുവരുത്തണം. എന്നാല്‍ ഡാമിലെ മണ്ണെടുക്കല്‍ ഒരു വര്‍ഷത്തിലേറെയായി മുടങ്ങിക്കിടക്കുകയാണ്.
ഇടയ്ക്കിടെ വന്ന കരാറുകാരെല്ലാം പിന്മാറി. ഇനി റീ ടെന്‍ഡര്‍ നടപടി വേണ്ടി വരുമോ എന്ന ആലോചനയാണ് നടക്കുന്നത്. നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തില്‍ റീടെന്‍ഡര്‍ വച്ച് നടപടികള്‍ പൂര്‍ത്തിയായി മണ്ണ് നീക്കം ചെയ്യുമ്പോഴേക്കും എത്ര വര്‍ഷം കാലതാമസം വരും എന്നൊക്കെ കണ്ടറിയേണ്ടി വരും. ഡാമിന്റെ സംഭരണശേഷി കൂട്ടാതെ കുടിവെള്ള പദ്ധതിയും നടപ്പാകില്ല.
രണ്ടാം വിള നെല്‍കൃഷിക്ക് വെള്ളം വിട്ടാല്‍ പിന്നെ ഡാം വറ്റുന്ന സ്ഥിതിയാണുള്ളത്. ചൂടും വരള്‍ച്ചയും കൂടി നില്ക്കുന്ന വര്‍ഷങ്ങളാണെങ്കില്‍ എല്ലാം താളം തെറ്റും. 1956 ഡാം കമ്മീഷന് ചെയ്തതിനുശേഷം ചെളി നീക്കം നടന്നിട്ടില്ല. ഇതിനാല്‍ മണ്ണ് നിറഞ്ഞ് ഡാം നികന്ന നിലയിലാണ്.
ഈയടുത്ത കാലങ്ങളിലായി അതിവര്‍ഷമുണ്ടായ 2007, 2018, 2019 വര്‍ഷങ്ങളില്‍ വൃഷ്ടിപ്രദേശങ്ങളായ മലകളിലെ ഉരുള്‍പൊട്ടലില്‍ മണ്ണും കല്ലും മരത്തടികളുമെല്ലാം അടിഞ്ഞുകൂടിയിട്ടുള്ളത് ഡാമിലാണ്. ഡാമിനുള്ളില്‍ ചൂരുപാറ, രണ്ടാംപുഴ ഭാഗങ്ങളിലെല്ലാം മണ്കുന്നുകള് തന്നെയുണ്ട്. ഡാമില്‍ നക്ഷത്ര ബംഗ്ലാവിന് ചേര്‍ന്ന് 24. 50 ദശലക്ഷം ലിറ്റര്‍ പ്രതിദിന ശേഷിയുള്ള ജലശുദ്ധീകരണ ശാലയുടെയും അത്രത്തോളം തന്നെയുള്ള ഉന്നതതല ജലസംഭരണിയുടെയും നിര്‍മ്മാണവും അന്തിമ ഘട്ടത്തിലാണ്. 2018 ജൂലൈയിലാണ് പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നടന്നത്.
അഞ്ചുവര്ഷത്തോടടുക്കുമ്പോള് പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികളില്‍ വലിയ പുരോഗതി ഉണ്ടായെങ്കിലും കുടിവെള്ള പദ്ധതി എന്ന നിലയില്‍ ജല ലഭ്യത ഉറപ്പുവരുത്തുന്നതില്‍ വലിയ പരാജയമാണ് ഉണ്ടായിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്.
Similar News
മലയോരമേഖലയ്ക്ക് അഭിമാനമായി മംഗലംഡാം ലൂര്‍ദ്മാത
മേലാർകോട് നിരീക്ഷണ ക്യാമറകൾക്ക് പുറകിൽ മാലിന്യം തള്ളിയ നിലയിൽ
നെല്ലിയാമ്പതി ചുരം പാതയിൽ മരം വീണു; രണ്ടു മണിക്കൂർ ഗതാഗതം മുടങ്ങി