വടക്കഞ്ചേരി ബസ് സ്റ്റാൻഡ് ലഹരി വില്പന സംഘങ്ങളുടെയും, സാമൂഹ്യ വിരുദ്ധരുടെയും താവളമായി മാറുന്നു.

വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലെ ബസ് സ്റ്റാന്‍ഡ് സാമൂഹ്യവിരുദ്ധരുടെയും, ലഹരി വില്പനക്കാരുടെയും താവളമായി മാറുന്നു. ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ കോണിപ്പടികളും ആളൊഴിഞ്ഞ സ്ഥലങ്ങളുമാണ് സംഘങ്ങളുടെ താവളങ്ങള്‍. വൈകുന്നേരത്തോടെ സ്റ്റാന്‍ഡിലെ കടകളെല്ലാം അടച്ചാല്‍ പിന്നെ വിജനപ്രദേശം പോലെയാണ് സ്റ്റാന്‍ഡ്.

വൈകുന്നേരമായാല്‍ ബസുകളും സ്റ്റാന്‍ഡില്‍ കയറാറില്ല. പഞ്ചിംഗ് സംവിധാനം പുനരാരംഭിക്കാത്തതിനാല്‍ തോന്നുംമട്ടിലാണ് ബസുകള്‍ വന്നു പോവുക. ലഹരി ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുടെയും ഇട താവളമാണ് സ്റ്റാന്‍ഡും പരിസരവും. പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന ടീമുകളാണ് ഇവിടെ എത്തുക. സംഘങ്ങള്‍ തമ്മില്‍ ഇടക്കിടെ വാക്ക് തര്‍ക്കവും അടിപിടിയും അരങ്ങേറും. സ്കൂളുകളും കോളജുകളും തുറക്കുന്നതോടെ സ്റ്റാന്‍ഡില്‍ ഇത്തരം സംഘങ്ങള്‍ ഇനിയും കൂടും.

സ്റ്റാന്‍ഡും പരിസരവും വൃത്തികേടാക്കുന്നതിനൊപ്പം അക്രമ ഭീഷണികളും ഉണ്ടാകാറുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു. രണ്ടുമാസം മുമ്പാണ് സ്റ്റാന്‍ഡിലുള്ള സപ്ലൈകോയുടെ സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ കവര്‍ച്ച നടന്നത്. സൂപ്പര്‍മാര്‍ക്കറ്റില്‍ പണം സൂക്ഷിച്ചിരുന്ന സ്ട്രോംഗ് ബോക്സ് പൊക്കിക്കൊണ്ടു പോയാണ് അതിലെ പണം കവര്‍ന്നത്. മൂന്ന് ലക്ഷത്തോളം രൂപയാണ് നഷ്ടമായത്. സ്ട്രോംഗ് ബോക്സ് പിന്നീട് സമീപത്തെ കെട്ടിടത്തില്‍ നിന്നും നശിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.