പാലക്കാട്‌ കോട്ടയിൽ ഇനി പ്രഭാത സവാരി നടത്തണമെങ്കില്‍ പണം നല്‍കണം.

പാലക്കാട്: കോട്ടയില്‍ ഇനിമുതല്‍ പ്രഭാത സവാരിക്ക് പണം നല്‍കണം. നടത്തത്തിന് മാസം 50 രൂപയാണ് നല്‍കേണ്ടത്. വര്‍ഷത്തില്‍ 600 രൂപയും. കേന്ദ്ര സര്‍ക്കാരാണ് ഫീസ് ചുമത്തിയിരിക്കുന്നത്. കേന്ദ്ര പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകങ്ങളിലാണ് പ്രഭാത നടത്തത്തിന് പണം ഈടാക്കുന്നത്. പാലക്കാടിന് പുറമെ ബേക്കല്‍ കോട്ട, കണ്ണൂര്‍ സെന്റ് ഏയ്ഞ്ചലോ കോട്ട എന്നിവിടങ്ങളിലും നടക്കണമെങ്കില്‍ ഇനി മുതല്‍ പണം നല്‍കണം.

പണം നേരിട്ടോ ഡി.ഡിയായോ അടയ്ക്കാം. ആര്‍ക്കിയോളജി സൂപ്രണ്ടാണ് പാസ് നല്‍കുന്നത്. ഇതിനായി പ്രത്യേക ഫോമും ഉണ്ട്. തിരിച്ചറിയല്‍ രേഖയും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റിനായി 1000 രൂപയും അടയ്ക്കണം. നടക്കുമ്ബോള്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ കൊണ്ടുവരരുത്.

2019ലും നടത്തത്തിന് ഫീസീടാക്കാന്‍ ശ്രമിച്ചിരുന്നു. പാലക്കാട് വാക്കേഴ്സ് ക്ലബ് ഉള്‍പ്പെടെ അന്ന് പ്രതിഷേധവുമായെത്തി. പ്രതിഷേധം ശക്തമായപ്പോള്‍ കലക്ടറുടെ ചേംബറില്‍ ജനപ്രതിനിധികളുള്‍പ്പെടെ ചേര്‍ന്ന് ചര്‍ച്ച നടത്തി തീരുമാനത്തില്‍ നിന്ന് പിന്തിരിയുകയായിരുന്നു.

സ്മാരകം തുറക്കുന്നതിന് മുമ്പ് ഒന്നര മണിക്കൂര്‍ നടക്കാമെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. തുടര്‍ന്ന് നടക്കണമെങ്കില്‍ 25 രൂപ അധികം നല്‍കണം. വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഫീസും നല്‍കണം. സായാഹ്ന നടത്തം അനുവദിച്ചിട്ടില്ല. കോട്ടയ്ക്ക് പുറത്ത് കിടങ്ങിനെ ചുറ്റിയാണ് നടപ്പാത.