ജീവൻ പണയം വച്ച് സ്കൂൾ യാത്ര: കാട്ടുപോത്തിനെ പേടിച്ച് മംഗലംഡാം മലയോരമേഖലയിലെ കുട്ടികൾ.

മംഗലംഡാം: സ്കൂളിൽ പോകാനുള്ള ആവേശത്തേക്കാൾ പേടിയാണ് മംഗലംഡാം മലയോരമേഖലയിലെ കുട്ടികൾക്ക്. മാതാപിതാക്കൾക്ക് ആധിയും. മംഗലംഡാം മലയോരപ്രദേശങ്ങളായ കവിളുപാറ, ഓടംതോട്, കടപ്പാറ എന്നിവിടങ്ങളിൽ ഇടയ്ക്കിടയുള്ള കാട്ടുപോത്തിന്റെ സാന്നിധ്യമാണ് ആശങ്ക ഉയർത്തുന്നത്. പടക്കം പൊട്ടിച്ച് കാട്ടുപോത്തിനെ വനത്തിലേക്ക് കയറ്റിവിടാൻ വനപാലകർ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. റബ്ബർ തോട്ടങ്ങളിലും വഴിയരികിലുമൊക്കെ പ്രദേശവാസികൾ ഇടയ്ക്കിടെ കാട്ടുപോത്തിനെ കാണുന്നുണ്ട്. ഒരാഴ്ച മുമ്പ് കവിളുപാറയ്ക്കു സമീപം ബൈക്കിനു പിന്നാലെ കാട്ടുപോത്ത് ഓടിവന്ന സംഭവം ഉണ്ടായി. മൂന്നുദിവസം മുമ്പ് കടപ്പാറയിൽ കടമപ്പുഴ റബ്ബർ എസ്റ്റേറ്റിൽ മൂന്ന് കാട്ടുപോത്തുകളെ കണ്ടു.

നടന്നുപോകൽ വെല്ലുവിളി

റോഡരികിൽനിന്ന് 100 മീറ്റർ മുതൽ ഒരു കിലോമീറ്റർ വരെ ഉള്ളിലായാണ് മിക്ക കുടുംബങ്ങളുടെയും വീട്. തോട്ടത്തിലൂടെയുള്ള ചെറുവഴികളിലൂടെ നടന്നുവേണം സ്‌കൂളിൽ പോകാനും വരാനും. തോട്ടങ്ങളിൽ കാട്ടുപോത്തുണ്ടാകാൻ സാധ്യതയുള്ളതിനാൽ ധൈര്യത്തോടെ ഇതുവഴി നടന്നുപോകാൻ കഴിയാത്ത സ്ഥിതിയായെന്ന് കടപ്പാറ മേഖലയിലെ താമസക്കാരനായ ബെന്നി ജോസഫ് പറയുന്നു. കാട്ടുപോത്തിനു പുറമേ കാട്ടുപന്നി, കാട്ടാന, പുലി തുടങ്ങിയവയും ഭീതി ഉയർത്തുന്നുണ്ട്. പുലർച്ചെ ടാപ്പിങ്ങിന് പോകുന്നവർ പുലിയെ കണ്ടിട്ടുണ്ട്. രാത്രിയിലും പുലർച്ചെയുമുള്ള യാത്രക്കാരുടെ സുരക്ഷയ്ക്കായി ബസ് സ്റ്റോപ്പുകളിലും വഴിയരികിലും തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ജാഗ്രത വേണമെന്ന് വനംവകുപ്പ്.

മലയോര ജനവാസമേഖലകളിൽ കാട്ടുമൃഗങ്ങളിറങ്ങുന്നത് കൂടുന്നതിനാൽ ജനങ്ങൾ ജാഗരൂകരായിരിക്കണമെന്നാണ് വനപാലകർ നൽകുന്ന നിർദേശം. കാട്ടുമൃഗങ്ങളെ കണ്ടാൽ ഉടൻ വനവകുപ്പധികൃതരെ വിവരമറിയിക്കണമെന്നും മലയോരമേഖലയിലെ കുടുംബങ്ങൾക്ക് നിർദേശം നൽകി. ഇതിനുപുറമേ കടപ്പാറ, ഓടംതോട് മേഖലകളിൽ ഇടയ്ക്കിടെ നിരീക്ഷണമുണ്ടാകുമെന്ന് മംഗലംഡാം ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ.എ. മുഹമ്മദ് ഹാഷിം പറഞ്ഞു.ജനവാസമേഖലയിലേക്ക് കാട്ടുമൃഗങ്ങളിറങ്ങുന്നത് തടയാൻ വനാതിർത്തിയിൽ സോളാർവേലി നിർമിക്കാനുള്ള പദ്ധതി സർക്കാരിന്റെ അംഗീകാരത്തിനായി നൽകിയിട്ടുണ്ടെന്നും കെ.എ. മുഹമ്മദ് ഹാഷിം പറഞ്ഞു.