വടക്കഞ്ചേരി : അണക്കപ്പാറ-മുടപ്പല്ലൂർ റോഡിൽ ചെല്ലുപടിയിൽ പ്രവർത്തനം നിർത്തിയ ക്വാറിയിൽ കുപ്പിച്ചില്ല് അവശിഷ്ടങ്ങൾ തള്ളാനെത്തിയ ടോറസ് ലോറി നാട്ടുകാർ തടഞ്ഞു.വിവരമറിയിച്ചതിനെത്തുടർന്ന് വടക്കഞ്ചേരി പോലീസ് ലോറി കസ്റ്റഡിയിലെടുത്തു. അനധികൃതമായാണ് അവശിഷ്ടങ്ങൾതള്ളാനെത്തിയതെന്ന് പരിശോധനയിൽ തെളിഞ്ഞു. തുടർനടപടികൾക്കായി പോലീസ് കളക്ടർക്ക് റിപ്പോർട്ട് നൽകി. പട്ടാമ്പിയിൽനിന്നാണ് അവശിഷ്ടങ്ങളെത്തിച്ചതെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു. മാസങ്ങൾക്കുമുമ്പ് ചെല്ലുപടിയിലെ ക്വാറിയിൽ ആശുപത്രിമാലിന്യവും അറവുമാലിന്യവും തള്ളിയിരുന്നു. ഇത് നാട്ടുകാർ തടയുകയും തുടർന്ന് ചെല്ലുപടി ജനകീയസമരസമിതി രൂപവത്കരിച്ച് വണ്ടാഴി പഞ്ചായത്തിലും ആരോഗ്യവകുപ്പിനും മലിനീകരണ നിയന്ത്രണ ബോർഡിനും പരാതി നൽകി. ക്വാറിയിൽ അവശിഷ്ടങ്ങൾ നിറഞ്ഞാൽ ഇതു സമീപവാസികൾക്ക് ഭീഷണിയാകുമെന്നായിരുന്നു പരാതി. ക്വാറി പരിശോധിച്ചശേഷം വണ്ടാഴി പഞ്ചായത്ത് ഉടമയ്ക്കു സ്റ്റോപ്പ്മെമ്മോ നൽകി. ക്വാറിയിൽ തള്ളിയ അവശിഷ്ടങ്ങൾ നീക്കണമെന്ന് ചൂണ്ടിക്കാട്ടി മലിനീകരണ നിയന്ത്രണ ബോർഡ് ഉടമയ്ക്ക് കത്തുനൽകി. ഇത് പാലിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് ക്വാറിയിൽ വീണ്ടും അവശിഷ്ടങ്ങൾ തള്ളാനെത്തിയത്.

Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.