മംഗലംഡാം: സ്കൂളിലേക്ക് വിദ്യാർഥികളുമായി വന്ന ഓട്ടോ തലകീഴായി മറിഞ്ഞ് മൂന്ന് വിദ്യാർഥികൾക്കും, ഡ്രൈവർക്കും പരുക്കേറ്റു. മംഗലംഡാം ലൂർദ് മാതാ സ്കൂളിലെ വിദ്യാർഥിനികളായ നിഫ്ല (6), അനശ്വര (6), സ്വാദിയ(11), ഓട്ടോ ഡ്രൈവർ അബ്ദുൾ മുത്തലി (49) എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ നിഫ്ല എന്ന കുട്ടിയുടെ ഇടതു കൈ എല്ല് പൊട്ടിയതൊഴിച്ചാൽ ബാക്കിയുള്ളവരുടെ പരുക്കുകൾ ചെറുതാണ്. മംഗലംഡാം വീട്ടിക്കൽ കടവ് റോഡിൽ ഇന്നലെ കാലത്ത് 9 മണിയോടെയാണ് അപകടം.
പയ്യാങ്കോട് ഭാഗത്ത് നിന്നും മംഗലംഡാം സ്കൂളിലേക്ക് വിദ്യാർഥികളുമായി വന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. എതിർദിശയിൽ നിന്നും വന്ന ഇരുചക്ര വാഹനം നിയന്ത്രണം തെറ്റി വരുന്നത് കണ്ട് ഇടത്തോട്ട് വെട്ടിച്ചതോടെ ഓട്ടോ മറിഞ്ഞു. ഇരുചക്ര വാഹന യാത്രികൻ നിർത്താതെ പോവുകയും ചെയ്തു. കുട്ടികൾ പുറത്തേക്ക് തെറിച്ച് വീഴാത്തത് രക്ഷയായി. ഓട്ടോയിലുണ്ടായിരുന്ന മറ്റു കുട്ടികൾക്കും പരുക്കുകളൊന്നുമില്ല. വിവരം അറിയിച്ചതിനെ തുടർന്ന് മംഗലംഡാം പൊലീസ് സ്ഥലത്തെത്തി.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.