വടക്കഞ്ചേരി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി പട്ടികയിൽ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്ന പേരാണ് വിവേക് രാമസ്വാമിയുടേത്. ഇന്ത്യന്‍ വംശജനായ ഇദ്ദേഹം ഒരു അമേരിക്കന്‍ മലയാളിയാണ്. കേരളത്തിലെ പാലക്കാട് ജില്ലയില്‍ വടക്കഞ്ചേരിയിൽ കുടുംബ വേരുകളുള്ള വ്യക്തിയാണ് വിവേക് രാമസ്വാമി.
2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥിപ്പോരിൽ ഡോണൾഡ് ട്രംപ് മുന്നിൽ നിൽക്കുമ്പോൾ രണ്ടാം സ്ഥാനത്ത് വിവേക് രാമസ്വാമിയും ഉണ്ട്. മൈക്ക് പെന്‍സ്, നിക്കി ഹേലി തുടങ്ങിയ പ്രമുഖരെ മറികടന്ന വിവേകിന് 11% പേരുടെ പിന്തുണയുണ്ട്.ടെസ്ല സ്ഥാപകൻ ഇലോൺ മസ്കിന്റെ പിന്തുണ നേടിയതാണ് രാമസ്വാമിക്ക് ഏറ്റവുമൊടുവിലെ അനുകൂല ഘടകം. എമേഴ്സൺ കോളജ് നടത്തിയ അഭിപ്രായ സർവേയിൽ ട്രംപ് 56 ശതമാനവുമായി മുന്നിലാണ്. ജൂണിൽ രണ്ടു ശതമാനം മാത്രമായിരുന്നതാണ് ആഗസ്റ്റിലെത്തുമ്പോൾ രാമസ്വാമി 11 ആയി ഉയർത്തുന്നത്.
1970കളിലാണ് വിവേകിന്റെ മാതാപിതാക്കാൾ അമേരിക്കയിലേയ്ക്ക് കുടിയേറിയത്. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലുള്ള ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലെ അംഗമാണ് വിവേക് രാമസ്വാമിയുടെ അച്ഛൻ വി.ജി. രാമസ്വാമി. കോഴിക്കോട് റീജിയണല്‍ എന്‍ജീനിയറിംഗ് കോളേജില്‍ നിന്ന് ബിരുദം നേടിയ ഇദ്ദേഹം പഠനത്തിന് ശേഷം അമേരിക്കയിലേക്ക് പോയി. അവിടെ ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം അമേരിക്കയില്‍ തന്നെ സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചു. മൈസൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ബിരുദം നേടിയ ഗീതയെയാണ് ഇദ്ദേഹം വിവാഹം ചെയ്തത്. 1985ല്‍ ഈ ദമ്പതികളുടെ മകനായാണ് വിവേക് രാമസ്വാമിയുടെ ജനനം.
ഹാര്‍വാഡ്, യേല്‍ സര്‍വകലാശാലകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ വിവേക് പിന്നീട് സ്വന്തമായി ഒരു കമ്പനി ആരംഭിച്ചു. പിന്നീടുള്ള വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ബിസിനസിലൂടെ വലിയ നേട്ടങ്ങള്‍ കൊയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു. അമേരിക്കയിലാണ് ജനിച്ച് വളര്‍ന്നതെങ്കിലും തമിഴില്‍ അസാധ്യമായി സംസാരിക്കാനും വിവേകിന് കഴിയും. ഡോ. അപൂര്‍വ്വ രാമസ്വാമിയെയാണ് വിവേക് വിവാഹം കഴിച്ചത്. യേല്‍ സര്‍വകലാശാലയിലെ പഠനകാലത്താണ് വിവേക് അപൂര്‍വ്വയെ കണ്ടുമുട്ടിയത്.
2007ല്‍ ബിസിനസുകള്‍ ആരംഭിക്കാന്‍ താല്‍പ്പര്യമുള്ള സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കായി അദ്ദേഹം ക്യാംപസ് വെഞ്ച്വര്‍ നെറ്റ് വര്‍ക്ക് എന്ന സ്ഥാപനം ആരംഭിച്ചിരുന്നു. 2014 വരെ ഹെഡ്ജ് ഫണ്ട് QVT ഫിനാന്‍ഷ്യലില്‍ അദ്ദേഹം ജോലി ചെയ്യുകയും ചെയ്തിരുന്നു. 2014ല്‍ അദ്ദേഹം റോവന്റ് സയന്‍സസ് എന്ന ബയോടെക്നോളജി സ്ഥാപനം ആരംഭിച്ചു. മെഡിസിന് പേറ്റന്റുകള്‍ വാങ്ങുകയും മരുന്നുകള്‍ വിപണിയിലെത്തിക്കുകയും ചെയ്യുന്ന കമ്പനിയായിരുന്നു ഇത്. 2021ല്‍ കമ്പനിയുടെ സിഇഒ സ്ഥാനത്ത് നിന്ന് അദ്ദേഹം പടിയിറങ്ങി. എന്നാല്‍ ഇപ്പോഴും കമ്പനിയുടെ ഓഹരിയുടമയായി തുടരുന്നുണ്ട്.
തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങുന്ന വിവേക് രാമസ്വാമിയുടെ പ്രഖ്യാപനത്തില്‍ ഏറെ സന്തോഷത്തിലും അഭിമാനത്തിലുമാണ് പാലക്കാട് വടക്കഞ്ചേരി അഗ്രഹാരം. വിവേകിന്റെ സഹോദരന് ശങ്കറും അമേരിക്കയിലെ ബിസിനസ് രംഗത്ത് സജീവമാണ്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള വിവേകിന്റെ തീരുമാനം കുടുംബാംഗങ്ങള്‍ക്ക് ഏറെ സന്തോഷവും അതോടൊപ്പം അത്ഭുതവുമാണ്. മികച്ച സംരംഭകനായി അമേരിക്കയില്‍ തിളങ്ങി നില്ക്കുന്ന വിവേക് രാഷ്ട്രീയ രംഗത്തേക്കിറങ്ങുന്നത് വലിയ സര്‍പ്രൈസായെന്ന് കുടുംബാംഗമായ ജയശ്രീയും അഡ്വ. ഗണേശും പറഞ്ഞു. പഠനത്തില്‍ ഏറെ മികവ് പുലര്‍ത്തിയിരുന്ന ആളായിരുന്നു വിവേകെന്നും ഇവര്‍ പറഞ്ഞു.
2018 ലാണ് ഏറ്റവും ഒടുവിലായി വിവേക് വടക്കഞ്ചേരിയില്‍ എത്തിയത്. എന്നാല്‍ വിവേകിന്റെ അച്ഛനും, അമ്മയും എല്ലാ വര്‍ഷവും നാട്ടിലെത്താറുണ്ട്. വടക്കഞ്ചേരി സ്വദേശി ഗണപതി അയ്യര്‍-തങ്കം ദമ്പതികളുടെ ഏഴു മക്കളില്‍ രണ്ടാമനാണ് രാമസ്വാമി. മറ്റു മക്കളായ ഡോ. രാമനാഥന്, മോഹന്‍, പ്രൊഫ. വൃന്ദ, ഇന്ദിര, ശോഭ തുടങ്ങിയവരും അമേരിക്കയില്‍ സ്ഥിരതാമസമാണ്. രാമസ്വാമിയുടെ സഹോദരി ചന്ദ്ര സുബ്രഹ്മണ്യന് മാത്രമാണ് നാട്ടിലുള്ളത്.

Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.