മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയും, പഞ്ചായത്ത് റോഡുകളും തകര്‍ന്ന നിലയിൽ; യാത്രക്കാർ ദുരിതത്തിൽ.

വടക്കഞ്ചേരി: സംസ്ഥാനപാത മുതല്‍ പഞ്ചായത്ത് റോഡുകള്‍ വരെ എല്ലാ റോഡുകളും തകര്‍ന്നു. മഴയെ പഴിചാരി ഭരണനേതൃത്വങ്ങള്‍ രക്ഷപ്പെടുമ്പോള്‍ വാഹന യാത്രികരാണ് വഴിയില്‍ കുടുങ്ങുന്നത്. മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാത, വിനോദ സഞ്ചാര കേന്ദ്രമായ മംഗലംഡാം-മുടപ്പല്ലൂര്‍ റോഡ്, മലയോരപാതയായ വാല്‍കുളമ്പ്-പനംങ്കുറ്റി-പന്ത ലാംപാടം റോഡ്, പാലക്കുഴി ഉള്‍പ്പെടെ മലയോര മേഖലയിലേക്ക് പ്രവേശിക്കുന്ന വടക്കഞ്ചേരി പ്രധാനി-കണ്ണംകുളം റോഡ്, വടക്കഞ്ചേരി ടൗണ്‍ കമ്മാന്തറ റോഡ്, വടക്കഞ്ചേരി ഗ്രാമം-തിരുവറ റോഡ്, വള്ളിയോട് മലബാര്‍ ക്ലബ് റോഡ് തുടങ്ങി റോഡുകളെല്ലാം ഗതാഗത യോഗ്യമല്ലാത്ത വിധമാണിപ്പോള്‍.

മംഗലംഡാം-മുടപ്പല്ലൂര്‍ റോഡ് തകര്‍ന്നതിന് ഒരു പ്രത്യേകത കൂടിയുണ്ട്. മുടപ്പല്ലൂരില്‍ നിന്നും മംഗലംഡാമിലേക്ക് പോകുമ്പോള്‍ ഇടതുവശം റോഡ് വലിയ കുഴപ്പമില്ല. സാമാന്യം ഭേദപ്പെട്ട റോഡായി തന്നെ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഡാമെല്ലാം കണ്ട് തിരിച്ചു വരുമ്പോള്‍ പിന്നെ എല്ലാ ദൈവങ്ങളേയും വിളിക്കണം അപകടം കൂടാതെ മുടപ്പല്ലൂരില്‍ തിരിച്ചെത്താൻ.

കാരണം മംഗലംഡാമില്‍ നിന്നും മുടപ്പല്ലൂരിലേക്ക് വരുമ്പോഴുള്ള ഇടതുഭാഗം പൂര്‍ണമായും തകര്‍ന്നു കിടക്കുകയാണ്. മറ്റു റോഡുകളുടെ തകര്‍ച്ച പോലെയല്ല ഇത്. ടാറിംഗ് ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ നിരങ്ങി നീങ്ങി ഇവിടെ വലിയ വിടവുകള്‍ പോലെയുള്ള തകര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്.

ഇതിനാല്‍ വാഹനങ്ങളെല്ലാം ഗര്‍ത്തങ്ങളില്ലാത്ത വശം കയറി ഓടുന്നതിനാല്‍ അപകടത്തിനും കാരണമാകുകയാണ്. പത്ത് കിലോമീറ്റര്‍ ദൂരം വരുന്ന ഈ റോഡിന്‍റെ മറ്റൊരു പ്രത്യേകത, വളവുകള്‍ ഏറെയുണ്ട് എന്നതാണ്. ഇതിനാല്‍ വാഹനങ്ങള്‍ സൈഡ് തെറ്റി ഓടിയാല്‍ അത് എതിരെ വരുന്ന വാഹനങ്ങളുമായുള്ള കൂട്ടിയിടിക്ക് കാരണമാകും.

റോഡിനിരുവശവും മരങ്ങളുണ്ടെങ്കില്‍ മഴക്കാലത്ത് റോഡ് തകരുമെന്ന തെറ്റായ പ്രചരണത്തിന് ഒരു അപവാദമായിരുന്നു മംഗലംഡാം-മുടപ്പല്ലൂര്‍ റോഡ്. നല്ല രീതിയില്‍ റീടാറിംഗ് നടത്തിയിരുന്ന റോഡ് കുറെ കാലം തകരാതെ പിടിച്ചു നിന്നു. ഇപ്പോഴാണ് ഭാര കൂടുതലുള്ള വാഹനങ്ങളുടെ സഞ്ചാരം കൂടി റോഡ് തകര്‍ന്നു തുടങ്ങിയത്. റീടാറിംഗിനായി കണക്കാക്കുന്ന എസ്റ്റിമേറ്റ് തുക മറ്റു വഴിക്ക് പോകാതെ റോഡ് വികസനത്തിനായി ഉപയോഗിച്ചാല്‍ ഏത് മഴയിലും മരങ്ങള്‍ക്കിടയിലും ടാറിംഗ് വര്‍ഷങ്ങളേറെ നിലനില്‍ക്കും എന്നതിന് ഒരു തെളിവായിരുന്നു ഈറോഡ്.

മംഗലം കുടിവെള്ള പദ്ധതിയുടെ പൈപ്പിടാൻ റോഡുകളെല്ലാം വെട്ടിപ്പൊളിച്ചതും നാട്ടിലെ യാത്രകള്‍ ദുര്‍ഘട യാത്രകളാക്കി മാറ്റി. പ്രതീക്ഷക്ക് വകയില്ലാത്ത കുടിവെള്ള പദ്ധതിക്കായി നാല് പഞ്ചായത്തുകളിലെ റോഡുകളാണ് വെട്ടിപൊളിച്ച്‌ പൈപ്പിട്ടിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധിയില്‍ ഈ പഞ്ചായത്ത് റോഡുകളെല്ലാം ഇനി എന്ന് നന്നാകും എന്നെല്ലാം കണ്ടറിയേണ്ടി വരും.