നെന്മാറ: നെന്മാറ, അയിലൂര്‍ മേഖലകളിലെ ഇഞ്ചി കൃഷിക്ക് വ്യാപകമായി മൂട് അഴുകല്‍ രോഗം പടരുന്നു. മഴക്കുറവുമൂലം വളര്‍ച്ച മുരടിച്ചിരുന്ന ഇഞ്ചിപ്പാടങ്ങളില്‍ മഴ ലഭിച്ചതോടെ ചെടികള്‍ പുതിയ ചെനപ്പുകള്‍ വന്ന് തഴച്ചു വളര്‍ന്നു തുടങ്ങിയ ഇടങ്ങളിലാണ് അഴുകല്‍ രോഗം പടരുന്നത്. ചെടികള്‍ക്ക് പെട്ടെന്ന് മഞ്ഞനിറം വന്ന് ദിവസങ്ങള്‍ക്കകം മണ്ണിനോടു ചേര്‍ന്ന ഭാഗത്തെ ഇഞ്ചി അഴുകി ചെടി വീഴുന്നതാണ് രോഗലക്ഷണം. വൈറസ് ബാധയായതിനാല്‍ രോഗം വന്ന ചെടികള്‍ പിഴുതു മാറ്റി മറ്റു ചെടികളിലേക്ക് പടരാതിരിക്കുന്നതിനായി ബ്ലീച്ചിംഗ് പൗഡറും കുമ്മായവും വിതറുകയാണ് കര്‍ഷകര്‍ ചെയ്യുന്നത്. രണ്ടുമാസത്തിനകം വിളവെടുക്കാൻ പാകമാകുന്ന ഇഞ്ചിക്കാണ് മൂപ്പ് എത്തുന്നതിനു മുമ്ബ് രോഗം വന്നു തുടങ്ങിയത്.
ചെട്ടികുളമ്ബ് ഭാഗത്തെ ഇഞ്ചിപ്പാടത്ത് ജൈവരീതിയിലുള്ളതും രാസരീതിയിലുള്ളതുമായ പ്രതിരോധ മരുന്നുകള്‍ കര്‍ഷകര്‍ പരീക്ഷിക്കുന്നു. മുൻവര്‍ഷങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ തന്നെ ഇഞ്ചിക്ക് നല്ല വില ലഭിക്കുന്ന സമയത്താണ് അസുഖ വ്യാപനം ഉണ്ടായതില്‍ കര്‍ഷകര്‍ ആശങ്കയിലാണ്. പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷി ഇറക്കിയ കര്‍ഷകരാണ് വിളവെടുപ്പിന് തൊട്ടുമുമ്ബുണ്ടാകുന്ന രോഗബാധയില്‍ ബുദ്ധിമുട്ടുന്നത്.

Similar News
തുടര്‍ച്ചയായ വേനല്‍മഴ; റബറിനു പക്ഷിക്കണ്ണുരോഗം.
കരിമഞ്ഞളിലെ അപൂര്വഇനമായ വാടാര്മഞ്ഞള് കൃഷിചെയ്ത് വടക്കഞ്ചേരി സ്വദേശി.
വേനല്‍മഴയില്‍ ചീഞ്ഞുതുടങ്ങിയ വൈക്കോല്‍ ഉഴുതുമറിച്ച് കര്‍ഷകര്‍.