കിഴക്കഞ്ചേരി: കിഴക്കഞ്ചേരി-മംഗലംഡാം റോഡിലുള്ള മമ്പാട് പാലത്തിന്റെ നിർമാണം 60 ശതമാനം പൂർത്തിയായി. 2024 മേയ് മാസം പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കരാർ കമ്പനി അധികൃതർ അറിയിച്ചു. നിർമാണക്കരാർ കാലാവധി ഒക്ടോബറിൽ അവസാനിക്കും. സമയം നീട്ടിക്കിട്ടുന്നതിനായി കരാർ കമ്പനി പൊതുമരാമത്തുവകുപ്പിനു കത്തു നൽകിയിട്ടുണ്ട്.
2022 ഏപ്രിലിലാണ് നിർമാണക്കരാർ ഒപ്പിട്ടതെങ്കിലും വാട്ടർ അതോറിറ്റിയുടെ പൈപ്പുമാറ്റലും കെ.എസ്.ഇ.ബി.യുടെ പോസ്റ്റുമാറ്റലും പൂർത്തിയാകാൻ ആറുമാസം കാത്തിരിക്കേണ്ടിവന്നു. 2022 നവംബറിലാണ് പഴയപാലം പൊളിച്ച് പണികൾ ആരംഭിച്ചത്. ഇതോടെ, ഇതുവഴിയുള്ള യാത്രക്കാർക്ക് കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയാണ്. പാലത്തിനുസമീപമുള്ള മമ്പാട് സ്കൂളിലെ കുട്ടികളാണ് കൂടുതൽ പ്രയാസമനുഭവിക്കുന്നത്. നല്ലൊരു ശതമാനം കുട്ടികളും പാലത്തിന്റെ മറുഭാഗത്തുനിന്ന് വരുന്നവരാണ്.
പാലത്തിന്റെ തൂണുകളുടെയും, തൂണുകൾ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള ബീമുകളുടെയും പണി പൂർത്തിയായി. മുകൾഭാഗത്തെ കോൺക്രീറ്റിങ്ങും അനുബന്ധറോഡിന്റെ നിർമാണവുമാണ് ഇപ്പോൾ നടക്കുന്നത്. പഴയപാലം റോഡുനിരപ്പിൽനിന്ന് താഴെയായിരുന്നതിനാൽ മഴ ശക്തിപ്പെടുമ്പോൾ മുങ്ങുക പതിവായിരുന്നു. ഇതേത്തുടർന്നാണ് പുതിയ പാലം പണിയാൻ തീരുമാനിച്ചത്. പുതിയപാലം റോഡുനിരപ്പിൽനിന്ന് നാലുമീറ്റർ ഉയത്തിലാണുള്ളത്. ആറുകോടിരൂപയാണ് പദ്ധതിച്ചെലവ്.

Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.