നെല്‍കൃഷിക്ക് ആളെ കിട്ടാത്തതില്‍ വിഷമിക്കേണ്ട; ‘നിറസേന’ സജ്ജം.

ആലത്തൂര്‍: സമയത്തിന് തൊഴിലാളികളെ കിട്ടാതെ വിഷമിക്കുന്ന നെല്‍കൃഷി മേഖലക്ക് നടീല്‍ നടത്താൻ ആലത്തൂരില്‍ ‘നിറസേന’സജ്ജം.

ആലത്തൂര്‍ നിയോജക മണ്ഡലം സമഗ്ര കര്‍ഷിക വികസന പദ്ധതിയാണ് നിറ. അതിന്‍റെ കീഴില്‍ രൂപവത്കരിച്ച കര്‍ഷക കൂട്ടായ്മയായ നിറ ഹരിത മിത്ര സൊസൈറ്റിയാണ് നടീലിന്‌ നിറസേനയെ സജ്ജമാക്കിയത്. തദ്ദേശീയരായ തൊഴിലാളികള്‍ക്കൊപ്പം 300 അതിഥി തൊഴിലാളികളുമുണ്ട്. നെല്‍വിത്ത് മുളപ്പിച്ച്‌ ഞാറ്റടി തയ്യാറാക്കി ആവശ്യക്കാര്‍ക്ക് നട്ടു കൊടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. 6000 രൂപയാണ് ഏക്കര്‍ നിരക്ക്.

ഞാറ്റടി തയ്യാറാക്കിയ കര്‍ഷകര്‍ക്ക് ഞാറ് പറിച്ചു നടുന്നതിന് 3800 രൂപ നല്‍കണം. കൃഷി വകുപ്പ് നിര്‍ദ്ദേശം അനുസരിച്ച്‌ നുരികളിലെ എണ്ണം, ആഴം, പ്രായം എന്നീ നിബന്ധനകള്‍ പാലിച്ച്‌ 20 x 20 സെ.മീ അകലത്തിലാണ് സേന ഞാറ് നടുന്നത്. ഏക്കറിന് 4500 നിരക്കില്‍ പായ ഞാറ്റടി തയ്യാറാക്കി യന്ത്ര നടീലും നടത്തുന്നുണ്ട്.

കെ.ഡി. പ്രസേനൻ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആലത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എ. ഷൈനി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ വി. കൊച്ചുകുമാരി, യു. ഫാറൂഖ്, ഹരിത മിത്ര പ്രസിഡന്‍റ് മോഹൻ ദാസ്, സെക്രട്ടറി പി. പ്രദോഷ് കുമാര്‍, വൈസ് പ്രസിഡന്‍റ് വി. രഘു എന്നിവര്‍ സംസാരിച്ചു. കൂടുതൽ വിവരങ്ങള്‍ക്ക്: 9447425053.