January 15, 2026

നിയമങ്ങള്‍ കാറ്റിൽപ്പറത്തി ചറപറ ചീറിപ്പാഞ്ഞ് വാഹനങ്ങള്‍.

വടക്കഞ്ചേരി: മംഗലം പാലത്തിനടുത്ത് ആമക്കുളം യതീംഖാനയ്ക്ക് മുന്നിലെ ബൈപാസ് റോഡ് ജംഗ്ഷനില്‍ വാഹനങ്ങള്‍ ചീറിപ്പായുന്നത് തോന്നുംപോലെ. ഏതു വാഹനം മുൻപ് കടന്നുപോകണം എന്നതില്‍ ഇവിടെ തര്‍ക്കം പതിവാണ്.

സ്വകാര്യ ബസുകളാണെങ്കില്‍ കണ്ണുംപൂട്ടി വരുന്നതുപോലെയാണ് കുത്തിക്കയറി വരിക. ദൂരെനിന്നു ബസ് വരുന്നതു കണ്ടാല്‍ റോഡുകളിലെ മറ്റു വാഹനങ്ങള്‍ നിര്‍ത്തിയിടണം എന്ന മട്ടിലാണ് സ്വകാര്യ ബസുകള്‍ പറന്നെത്തുന്നത്. മാസങ്ങള്‍ക്കു മുമ്പ് ഇവിടെ ബസുകള്‍ കൂട്ടിയിടിച്ച്‌ യാത്രക്കാരന്റെ ജീവൻ പൊലിഞ്ഞ സംഭവമുണ്ടായിട്ടും ഇപ്പോഴും ആര് മുമ്പ് കടക്കണം എന്ന തര്‍ക്കം ഇവിടെ തുടരുകയാണ്.

ചെറിയ റോഡില്‍ നിന്നു വരുന്ന വാഹനങ്ങള്‍ മെയിൻ റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ പ്രധാന റോഡിലെ വാഹനങ്ങളുടെ ഒഴിവുനോക്കി കടക്കണം എന്നൊക്കെയുള്ള പ്രാഥമിക റോഡ് നിയമം പോലും ഇവിടെ പലപ്പോഴും പാലിക്കപ്പെടുന്നില്ല.

മോട്ടോര്‍ വാഹന വകുപ്പും പൊലീസ് ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട അധികൃതര്‍ തര്‍ക്കം പരിഹരിച്ച്‌ ഇവിടെ അപകടങ്ങള്‍ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.