വാളയാർ: ചന്ദ്രാപുരം പൂലാംപാറയിൽ അടുക്കളയിൽ പാചക ഗ്യാസ് സിലിണ്ടർ ചോർന്നുണ്ടായ അഗ്നിബാധയിൽ മേൽക്കൂരയും ഗൃഹോപകരണങ്ങളും കത്തിനശിച്ചു. വീട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. തീപടർന്നതോടെ വീട്ടിലുണ്ടായിരുന്നവർ ഇറങ്ങി ഓടിയതിനാൽ ആളപായമുണ്ടായില്ല. പൂലാംപാറ സ്വദേശി വെങ്കിടാചലത്തിന്റെ വീട്ടിൽ ഇന്നലെ വൈകിട്ട് 4നാണ് അപകടമുണ്ടായത്.
പാചകത്തിനിടെ സിലിണ്ടറിൽ ചോർച്ചയുണ്ടായി തീ പടരുകയായിരുന്നു. വീട്ടുകാർ ഇടപെട്ട് ഉടൻ തന്നെ സിലിണ്ടർ പുറത്തേക്കു മാറ്റി പൊട്ടിത്തെറി ഒഴിവാക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന തീ മറ്റിടങ്ങളിലേക്കു പടരുന്നതു തടഞ്ഞു. ഗ്യാസ് സിലിണ്ടർ ചോർച്ച പൂർണമായി അടച്ചു. അടുക്കള ഷെഡും മിക്സി, ഗ്രൈൻഡർ തുടങ്ങിയ ഉപകരണങ്ങളും വീട്ടുസാമഗ്രികളും പൂർണമായും കത്തി നശിച്ചു.
വീട്ടുകാരുടെ നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. കഞ്ചിക്കോട് സ്റ്റേഷനിലെ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ എം.രമേഷ്കുമാർ, സേനാംഗങ്ങളായ എം.കെ.അബു സാലി, എസ്.സുബീർ, കെ.മനോജ്, ആർ.പ്രതീഷ്, സി.നാഗദാസൻ എന്നിവരടങ്ങിയ സംഘമാണു രക്ഷാപ്രവർത്തനം നടത്തിയത്.

Similar News
നീലിപ്പാറയിൽ കണ്ടെയ്നർ ലോറി ട്രാവലറിൽ ഇടിച്ച് അപകടം; 4 പേർക്ക് പരിക്ക്.
ദേശീയ പാത വഴുക്കുംപാറയിൽ വാഹനാപകടത്തിൽ കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം.
ബാലസുബ്രഹ്മണ്യന്റെ ഇളയ മകളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് സ്കൂൾ മാനേജർ.