വൈദ്യുതലൈനിലെ ജോലിക്കിടെ ലൈൻമാന് ഷോക്കേറ്റു.

നെല്ലിയാമ്പതി: നെന്മേനിക്കടുത്ത് 33 കെ.വി. ലൈൻ കടന്നുപോകുന്ന ട്രാൻസ്ഫോർമറിൽ പണിയെടുക്കുന്നതിനിടെ കെ.എസ്.ഇ.ബി. ജീവനക്കാരന് ഷോക്കേറ്റു. നെല്ലിയാമ്പതി വൈദ്യുതസെക്ഷനിലെ ലൈൻമാൻ വടവന്നൂർ വട്ടച്ചിറയിൽ കൃഷ്ണദാസിനാണ് (50) ഗുരുതരമായി പൊള്ളലേറ്റത്.

അർധബോധാവസ്ഥയിൽ ലൈനിൽ അരമണിക്കൂറോളം തലകീഴായി കുടുങ്ങിക്കിടന്ന കൃഷ്ണദാസിനെ നാട്ടുകാർ ഏറെ പണിപ്പെട്ടു താഴെയിറക്കി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കൊല്ലങ്കോട്ടു നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.

കൊല്ലങ്കോട് 110 കെ.വി. സബ്സ്റ്റേഷനിൽനിന്ന് നെല്ലിയാമ്പതിയിലേക്കു പോകുന്ന 33 കെ.വി. ലൈനിൽ കൊട്ടക്കുറിശ്ശിയിൽ ഇന്നലെ രാവിലെ എട്ടരയോടെയാണ് അപകടം.

ഇന്നലെ രാവിലെ വടവന്നൂരിലെ വീട്ടിൽ നിന്ന് മകൻ അരുണിനൊപ്പം ബൈക്കിലെത്തിയതായിരുന്നു കൃഷ്ണദാസ്. ജോലിക്കിടെ സ്വീകരിക്കേണ്ട മുൻകരുതലുകൾ സ്വീകരിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. ഇവിടേക്കുള്ള വൈദ്യുതബന്ധവും വിച്ഛേദിച്ചിരുന്നു. എന്നാൽ, പണി ആരംഭിച്ച് അല്പസമയം കഴിഞ്ഞതും ലൈനിലേക്ക് വൈദ്യുതി കടന്നുപോവുകയായിരുന്നു. ഉടൻതന്നെ വിച്ഛേദിക്കപ്പെട്ടു.