രണ്ടാംവിള കതിരിട്ട സന്തോഷത്തിൽ പരുവാശ്ശേരിയിലെ കർഷകർ.

വടക്കഞ്ചേരി: മഴ ചതിച്ചതിനാൽ ഒന്നാം വിള ഉപേക്ഷിച്ച പരുവാശ്ശേരി പാടശേഖരത്തിൽ രണ്ടാം വിള ഇറക്കിയിരുന്നു. ഇനി ഏതാനും ആഴ്ചകൾ കഴിഞ്ഞാൽ ഇവിടെ കൊയ്ത്താകും. ഒന്നാം വിളയ്ക്കായി പാകിയ ഞാറ് പറിച്ചുനടാൻ വെള്ളമില്ലാതെ വന്നപ്പോൾ പാടശേഖരത്തിലെ ഭൂരിഭാഗം കർഷകരും ഒന്നാംവിള ഉപേക്ഷിക്കുകയായിരുന്നു.

രണ്ടാം തവണയും ഞാറ്റടി ഒരുക്കി നേരത്തെ നടീൽ നടത്തി ഒരുപൂ കൃഷിയെങ്കിലും രക്ഷിച്ചെ ടുക്കുകയായിരുന്നു വെന്ന് പാടശേഖര സമിതി പ്രസിഡന്റ് കൃഷ്ണൻ പറഞ്ഞു. കാഞ്ചന, ഉമ എന്നീ നെല്ലിനങ്ങളാണ് രണ്ടാം വി ളയ്ക്കായി കൃഷിയിറക്കിയിട്ടുള്ളത്. ഇത്രയും നേരത്തെ രണ്ടാം വിള കൃഷി പാകമാകുന്ന പാട ശേഖരങ്ങളും കുറവാകും.

മഴയെ മാത്രം ആശ്രയിച്ചാണ് പരുവാശ്ശേരി പാടശേഖരത്തിൽ നെൽകൃഷി നടത്തുന്നത്. ഈ ഭാഗത്തേക്ക് കനാൽ വെള്ളം എത്തുന്നില്ല. പരുവാശ്ശേരി സ്കൂൾ വഴി മംഗലംഡാമിൽ നിന്നുള്ള ബ്രാഞ്ച് കനാൽ കടന്നു പോകുന്നുണ്ടങ്കിലും ഈ പാടശേഖരം കനാലിനേക്കാൾ ഉയർന്ന പ്രദേശത്തായതിനാൽ ഇവിടേക്ക് വെള്ളം എത്തിക്കാൻ കഴിയില്ല.

എന്നാൽ മറ്റുവഴികളിലൂടെ പാടശേഖരത്തിൽ കനാൽ വെള്ളം എത്തിക്കണമെന്ന കർഷകരുടെ നിരന്തരമായ ആവശ്യം ഇന്നും നടപ്പായിട്ടുമില്ല. ഹോട്ടൽ ഡയാനക്കടുത്തു വഴി പോകുന്ന മംഗലംഡാമിന്റെ ഇടതു മെയിൻ കനാലിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരം ബ്രാഞ്ച് കനാൽ നിർമിച്ച് പാടശേഖരത്തിൽ വെള്ളം എത്തിക്കാൻ കഴിയും. അതുവഴി പരുവാശ്ശേരി ഉൾപ്പെടെ 500 ഏക്കറിലധികം നെൽകൃഷിക്ക് വെള്ളം ലഭ്യമാകുമെന്ന് പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു.

ആയക്കാട് മെയിൻ കനാലിൽ നിന്നും പമ്പുചെയ്തും പാടശേഖരത്തിൽ വെള്ളം എത്തിക്കാൻ കഴിയുമെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. കനാൽ നിർമാണ കാലത്ത് ഈ മേഖലയിലെ പാടശേഖരങ്ങൾ ഒഴിവാക്കിയുള്ള കനാൽ സർവെയാണ് ഇപ്പോഴും പരിഹാരമാകാതെ നീളുന്നത്.

യഥാസമയം മഴ കിട്ടിയില്ലെങ്കിൽ ചില വർഷങ്ങളിൽ രണ്ടാം വിള കൃഷി ഉണക്കത്തിലാകുന്ന സ്ഥിതിയും ഉണ്ടാകാറുണ്ട്. മഴയെ മാത്രം ആശ്രയിച്ച് കൃഷിയിറക്കേണ്ടി വരുന്നതിനാൽ നെല്ല് സംഭരണ ആനുകൂല്യങ്ങളും പാടശേഖരത്തിലെ കർഷകർക്ക് ലഭിക്കാറില്ല. വളരെ നേരത്തെ കൊയ്ത്ത് നടക്കുന്നതിന്നാൽ കിട്ടിയ വിലക്ക് സ്വകാര്യ മില്ലുകാർക്ക് നെല്ലു വിൽക്കേണ്ട ഗതികേടും കരപ്പാടങ്ങളിലെ കർഷകർക്കുണ്ട്.