വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ കുതിരാനിൽ റോഡിന്റെ സംരക്ഷണഭിത്തി നിർമാണം മൂന്നുമാസം പിന്നിടുമ്പോഴും ഇഴഞ്ഞുതന്നെ.
റോഡിന്റെ വശത്ത് കോൺക്രീറ്റ് മതിൽ കെട്ടിയശേഷം റോഡിനും മതിലിനുമിടയിൽ മണ്ണിട്ട് നിറച്ചാണ് നിർമാണം. നിലവിൽ കോൺക്രീറ്റ് മതിലിന്റെ പാതിമാത്രമേ പൂർത്തിയായിട്ടുള്ളൂ. മുഴുവൻ ജോലികളും പൂർത്തിയാകാൻ രണ്ട് മാസമെങ്കിലും എടുത്തേക്കും.
തൃശ്ശൂർ ദിശയിൽ കുതിരാൻ തുരങ്കം കടന്നശേഷം മേൽപ്പാലം തുടങ്ങുന്ന ഭാഗത്ത് വശമിടിഞ്ഞ് റോഡിൽ വിള്ളൽ വീണതോടെയാണ് കോൺക്രീറ്റ് മതിൽ നിർമിച്ച് സംരക്ഷണമൊരുക്കാൻ തീരുമാനിച്ചത്. റോഡരികിൽ മണ്ണിട്ട് കല്ലുപാകിയാണ് ഈ ഭാഗത്ത് സംരക്ഷണഭിത്തി നിർമിച്ചിരുന്നത്.
മഴയിൽ മണ്ണൊഴുകിപ്പോയതോടെയാണ് ഇടിച്ചിലും വിള്ളലും ഉണ്ടായത്. ജൂലായ് നാലിനായിരുന്നു സംഭവം. അന്നുമുതൽ ഈ ഭാഗത്തെ ഗതാഗതം നിരോധിച്ചു. പാലക്കാട് ദിശയിലേക്കുള്ള ട്രാക്ക് ബാരിക്കേഡുകൾ വെച്ച് തിരിച്ചാണ് തൃശ്ശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കടത്തിവിടുന്നത്. ഗതാഗതനിയന്ത്രണം ഇടയ്ക്കിടെ കുരുക്കിനും ഇടയാക്കുന്നുണ്ട്. വടക്കഞ്ചേരിയിൽ നിന്ന് തൃശ്ശൂർ ഭാഗത്തോട്ട് പോകുന്ന തുരങ്കം ആരംഭിക്കുന്നിടത്തും റോഡ് കുത്തിപ്പൊളിച്ച് ഇട്ടിരിക്കുന്നതിനാൽ ഈ ഭാഗത്തും ചെറിയതോതിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്.
120 പ്രവൃത്തിദിവസത്തിനുള്ളിൽ സംരക്ഷണഭിത്തിയുടെ നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ പ്രഖ്യാപനം. നവംബർ ആദ്യ ആഴ്ചയോടെ സമയപരിധി അവസാനിക്കും. നിലവിൽ 50 ശതമാനം ജോലികൾ പൂർത്തിയായതായും ബാക്കിയുള്ള ജോലികൾ വേഗത്തിൽ പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നും ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞു.

Similar News
അപകടഭീഷണിയായി കൂറ്റൻ ആല്മരം.
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം