വടക്കഞ്ചേരി: പന്തലാംപാടം മേരിമാതാ സ്കൂളിൽ നിന്ന് വിവിധ വിഭാഗങ്ങളിലായി 11 പേർ സംസ്ഥാന ഹോക്കി ടീമിൽ. കേരള സ്കൂൾ ഹോക്കി ടീമിൽ 9 പേരും, ഹോക്കി അസോസിയേഷൻ നടത്തിയ ദക്ഷിണമേഖലാ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ കേരള ടീമിൽ 2 പേരുമാണ് ഇടംപിടിച്ചത്.
1989-ൽ കായികാധ്യാപകൻ ജോൺ മാത്യുവിലൂടെ തുടങ്ങിയതാണ് സ്കൂളിന്റെ ഹോക്കിയിലെ മുന്നേറ്റം. ഇത്തവണ കേരള സ്കൂൾ ടീമിൽ 19 വയസ്സിനു താഴെയുള്ള വിഭാഗത്തിൽ 4 ആൺകുട്ടികളും, 3 പെൺകുട്ടികളുമാണ് പന്തലാംപാടം സ്കൂളിൽ നിന്ന് എത്തിയത്. 17 വയസ്സിനും, 14 വയസ്സിനും താഴെയുള്ള വിഭാഗത്തിൽ ഓരോ ആൺകുട്ടികളും ടീമിലെത്തി.
ജി. അതുൽ, ടി.ബി. എൽബിൻ, അലൻ സജി, ഒ. അബ്ദുൾ ഫൈസൽ, ക്രിസ്റ്റോ ബൈജു, എസ്. അർച്ചന, അക്ഷര ബിജു, എം. നിമിത, എം.എസ്. മെബിൻ തുടങ്ങിയവരാണ് വിവിധ വിഭാഗങ്ങളിലായി കേരള സ്കൂൾ ടീമിലുള്ളവർ.
19 വയസ്സിൽ താഴെയുള്ള വിഭാഗത്തിൽ ദേശീയ മത്സരം നവംബർ അവസാന ആഴ്ച പഞ്ചാബിലും, 17-നും 14-നും താഴെയുള്ള വിഭാഗത്തിലെ ദേശീയ മത്സരം ഡിസംബർ ആദ്യ ആഴ്ച മധ്യപ്രദേശിലെ ഗ്വാളിയറിലും നടക്കും. കെ.ആർ.നുഫൈലും റിനു മാത്യുവുമാണ് ഹോക്കി അസോസിയേഷന്റെ ദക്ഷിണമേഖല സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ കേരള ടീമിൽ കളിച്ചത്.
കായികാധ്യാപകൻ എം.സി. ഡോണിന്റെയും ഖേലോ ഇന്ത്യയിലെ കോച്ചായ പി.എം. മുജീബിന്റെയും നേതൃത്വത്തിലാണ് സ്കൂളിലെ ഹോക്കി പരിശീലനം. ജനുവരിയിൽ നടന്ന സംസ്ഥാന ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ ഒന്നാംസ്ഥാനം നേടിയ പാലക്കാട് ജില്ലാ ടീമിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ 18 പേരും സ്കൂളിൽ നിന്നുള്ളവരായിരുന്നു. പെൺകുട്ടികളുടെ വിഭാഗത്തിൽ ടീമിലെ 10 പേർ മേരി മാതാ സ്കൂളിലെ താരങ്ങളായിരുന്നു.

Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.