വാല്‍കുളമ്പ് പനംങ്കുറ്റിയില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു.

വടക്കഞ്ചേരി: പീച്ചി കാടിനോട് ചേര്‍ന്ന കിഴക്കഞ്ചേരി പനംങ്കുറ്റിയില്‍ വനാതിര്‍ത്തിയിലെ ഫെൻസിംഗ് തകര്‍ത്ത് കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ചെറുനിലം ജോണി, ചെറുനിലം ജുബി, ചെറുനിലം ബിജു തുടങ്ങിയവരുടെ തോട്ടങ്ങളിലെ വാഴകളും തെങ്ങുമാണ് നശിപ്പിച്ചിട്ടുള്ളത്. സമീപത്തെ തോട്ടങ്ങളിലും കൃഷി നാശമുണ്ട്.

കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ആന കൂട്ടമെത്തി കൃഷി നശിപ്പിക്കുന്നുണ്ടെന്ന് തോട്ടം ഉടമകള്‍ പറഞ്ഞു. ഒരു വര്‍ഷത്തിനിടെ മാത്രം ഇവരുടെതായി നൂറോളം തെങ്ങുകള്‍ ആന നശിപ്പിച്ചിട്ടുണ്ട്.

ദിനംതോറും ആനകള്‍ കൂടുതല്‍ ജനവാസ കേന്ദ്രങ്ങളിലെത്തുന്ന സ്ഥിതിയാണുള്ളത്. വനാതിര്‍ത്തിയിലെ ഫെൻസിംഗ് ഉറപ്പാക്കുന്നതില്‍ വനംവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന അനാസ്ഥയാണ് ഇടവേളക്കുശേഷം പ്രദേശത്തെ ആനശല്യത്തിന് കാരണമെന്നാണ് പരാതി.

നാലുദിവസം മുമ്പ് പോത്തുചാടിയില്‍ ആനയിറങ്ങി സമീപത്തെ നെല്ലിക്കല്‍ വീട്ടുകാരെ ആന ഓടിപ്പിച്ച സംഭവമുണ്ടായി. ഇവിടെ വനംകുപ്പിന്റെ ഷെഡുണ്ട്. എന്നാല്‍ സന്ധ്യമയങ്ങിയാല്‍ പിന്നെ വനപാലകര്‍ ആനയെ പേടിച്ച്‌ ഇതില്‍ നിന്നും പുറത്തിറങ്ങില്ല. ആന ശല്യം ഒഴിവാക്കാൻ കെട്ടിടത്തിനു ചുറ്റും സര്‍ക്കാര്‍ ചെലവില്‍ ട്രഞ്ച് കുഴിച്ചാണ് ഇവര്‍ സുരക്ഷിതരായി കഴിയുന്നത്. എന്നാല്‍ നാട്ടുകാര്‍ക്ക് നേരെ ആനകള്‍ പാഞ്ഞെത്തുമ്പോൾ അതു തടയാൻ ഇവിടെ നടപടികളില്ല.