വടക്കഞ്ചേരി: ഇടവേളയ്ക്കുശേഷം കിഴക്കഞ്ചേരി പനങ്കുറ്റി, പോത്തുചാടി തുടങ്ങിയ മലയോരങ്ങളിലെല്ലാം ആനക്കൂട്ടങ്ങളിറങ്ങി കൃഷി നശിപ്പിക്കുകയാണ്.
ആനയെ പേടിച്ച് വീടുകളിലും താമസക്കാരില്ല. വണ്ടാഴി, കിഴക്കഞ്ചേരി, നെന്മാറ, അയിലൂർ എന്നീ പഞ്ചായത്തു പ്രദേശങ്ങളിലാണ് മേഖലയില്‍ ഇത്രയേറെ വന്യമൃഗശല്യമുള്ളത്. പന്നി, മാൻ, മയില്‍, കുരങ്ങ് ഉള്‍പ്പെടെയുള്ള കാട്ടുമൃഗശല്യം മൂലം മലയോര പ്രദേശങ്ങളില്‍ തരിശിടുന്ന ഭൂമിയുടെ വിസ്തൃതി ഓരോ വര്‍ഷവും കൂടി വരികയാണ്.
പരിചരണമില്ലാതെ വനാതിര്‍ത്തികളോട് ചേര്‍ന്നു കിടക്കുന്ന ഏക്കര്‍ കണക്കിന് വരുന്ന തോട്ടങ്ങളും ഏറെയുണ്ട്. ഏത് കൃഷി ചെയ്താലും അതെല്ലാം കാട്ടുമൃഗങ്ങള്‍ ഇറങ്ങി നശിപ്പിക്കും.
ആരോട് പരാതി പറഞ്ഞിട്ടും യാതൊരു പരിഹാര നടപടികളും സ്വീകരിക്കാത്തതിനാലാണ് ഭൂമി പാഴാക്കിയിടേണ്ട സ്ഥിതി കര്‍ഷകര്‍ക്കുള്ളത്.
മുമ്പൊക്കെ രാത്രികാലങ്ങളില്‍ മാത്രമായിരുന്ന മൃഗശല്യം ഇപ്പോള്‍ പകലുമായി. അധ്വാനിച്ചുണ്ടാക്കുന്നതെല്ലാം മൃഗങ്ങള്‍ നശിപ്പിക്കുന്നത് നിസഹായരായി നോക്കി നില്‍ക്കാനെ കര്‍ഷകര്‍ക്ക് കഴിയുന്നുള്ളു.
ആനയിറങ്ങി കൃഷി നശിപ്പിച്ചാല്‍ വനംവകുപ്പില്‍ നിന്നും എന്തെങ്കിലും നക്കാപ്പിച്ച നഷ്ടപരിഹാരം കിട്ടാൻ, കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ തുക ചെലവഴിക്കേണ്ട നൂലാമാലകളുമുണ്ട്.
സ്ഥിരം ശല്യക്കാരാകുന്ന പന്നിയെ വെടിവെച്ചുകൊല്ലാൻ നടപടിയുണ്ടെങ്കിലും എണ്ണം പെരുകിയിട്ടു ള്ളതിനാല്‍ വല്ലപ്പോഴുമുള്ള വെടിവയ്പ്പുകൊണ്ട് പ്രയോജനമില്ലെന്ന അഭിപ്രായമാണ് കര്‍ഷകര്‍ പങ്കുവയ്ക്കുന്നത്.
കാട്ടുമൃഗങ്ങളിൽ നിന്നും ജീവന്‍റെ സുരക്ഷ തേടി മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറുകയാണ് നാടിനെ തീറ്റിപ്പോറ്റിയിരുന്ന കര്‍ഷകരെല്ലാം. പതിറ്റാണ്ടുകളേറെ അധ്വാനിച്ചുണ്ടാക്കിയതെല്ലാം നഷ്ടപ്പെടുത്തി ജീവിതമാര്‍ഗമില്ലാതെ ദുരിതക്കയങ്ങളിലേക്ക് നീങ്ങുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായി നില്‍ക്കുന്നു.
സഹായങ്ങള്‍ വേണ്ട, ഉപദ്രവിക്കാതിരുന്നാല്‍ മതിയെന്നാണ് കര്‍ഷകര്‍ പറയുന്നത്.
കാട്ടുമൃഗങ്ങളെ കാട്ടില്‍ തന്നെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കാതെ മനുഷ്യര്‍ക്കു നേരെ കൊലവിളി നടത്തുന്ന സമീപനമാണ് വനംവകുപ്പ് നടത്തുന്നതെന്നാണ് ആക്ഷേപം. തുടര്‍ച്ചയായി പരാതിപ്പെട്ടാല്‍ വനപാലകര്‍ സ്ഥലം കണ്ടുപോകുന്നതല്ലാതെ ആനയിറങ്ങുന്നതു തടയാൻ ഒന്നും ചെയ്യുന്നില്ലെന്നാണ് പരാതി.
സോളാര്‍വേലി ഉറപ്പാക്കാൻ നടപടി എടുക്കുന്നില്ല. കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങാതിരിക്കാൻ വനാതിര്‍ത്തികളില്‍ ചെയ്തു വരുന്ന സോളാര്‍ ഫെൻസിംഗ് പോലും ഇപ്പോഴും പീച്ചി വനാതിര്‍ത്തികളില്‍ പൂര്‍ണമായിട്ടില്ല.
വനാതിര്‍ത്തിയിലെ ഫെൻസിംഗ് സംവിധാനവും വിജയകരമല്ലാത്ത സ്ഥിതിയാണിപ്പോള്‍. പവര്‍ കൂടിയ ബാറ്ററികള്‍ സ്ഥാപിക്കുന്നിടത്ത് മാത്രമെ ഇത് നിലനില്‍ക്കുന്നുള്ളു.
അതല്ലെങ്കില്‍ വേലി തകര്‍ത്തും ആനകള്‍ കൃഷിയിടങ്ങളിലെത്തും.
Similar News
മുടപ്പല്ലൂര്‍-ചെല്ലുപടി, കരിപ്പാലി-പാളയം റോഡുകള്‍ മാലിന്യ നിക്ഷേപകേന്ദ്രമാകുന്നു.
നെന്മാറ ബസ് സ്റ്റാൻഡ് പരിസരം മാലിന്യ കൂമ്പാരം.
പദ്ധതികള്‍ക്ക് വനംവകുപ്പിന്റെ അനുമതിയില്ല, വികസനം വഴിമുട്ടി നെല്ലിയാമ്പതി.