പാലക്കാട് :
പോത്തുണ്ടിയിൽ, മണ്ണുകൊണ്ട് നിർമിച്ച രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ട് (എർത്ത് ഡാം) ഒരുക്കിയ 19-ാംനൂറ്റാണ്ടിലെ എൻജിനിയറിങ് വൈദഗ്ധ്യം മുതൽ ശിരുവാണിയിലെ വനചാരുതവരെ ഇനി കാഴ്ചക്കാരിലേക്കെത്തും. സംസ്ഥാനത്തെ ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ അണക്കെട്ടുകളുടെയും കൃത്രിമ ജലാശയങ്ങളുടേയും സൗന്ദര്യവും പെരുമയും സമൂഹമാധ്യമങ്ങളിലുൾപ്പെടെ പങ്കുവെയ്ക്കാനുള്ള പദ്ധതി ഒരുങ്ങുന്നു. കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കുന്നത്. കേന്ദ്ര ജലവിഭവവകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ സൗന്ദര്യവത്കരണം പൂർത്തിയാക്കിയ അണക്കെട്ടുകളുടെ ഹ്രസ്വ ചിത്രങ്ങൾ തയ്യാറാക്കിയാണ് സഞ്ചാരികളിലേക്ക് എത്തിക്കുക.
സംസ്ഥാനത്ത്, ജലവിഭവവകുപ്പിനുകീഴിൽ വരുന്ന 20 ജലാശയങ്ങളെയും ഉൾപ്പെടുത്തി സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയുടെ (സി-ഡിറ്റ്) സാങ്കേതിക സഹായത്തോടെയാണ് ഹ്രസ്വചിത്രനിർമാണം പൂർത്തിയാക്കുക.
ഡാം റിഹാബിലിറ്റേഷൻ ആൻഡ് ഇൻപ്രൂവ്മെന്റ് പ്രൊജക്റ്റ് (ഡ്രിപ്) ഒന്നും രണ്ടും ഘട്ടങ്ങളിലായാണ് ജലാശയങ്ങളുടെ നവീകരണവും സൗന്ദര്യവത്കരണവും നടത്തിയത്. ഓരോ അണക്കെട്ടുകളുടെയും പത്തുമിനിറ്റ് വീതം ദൈർഘ്യമുള്ള ദൃശ്യാവിഷ്കാരമാണ് തയ്യാറാക്കുന്നത്. വിവരണത്തിനൊപ്പം മലയാളത്തിലും ഇംഗ്ലീഷിലും ഉപശീർഷകങ്ങളും ഉൾപ്പെടുത്തും.
തദ്ദേശ- വിദേശ സഞ്ചാരികൾക്കുപുറമേ അണക്കെട്ടുകളുടെ ചരിത്രം തേടുന്ന വിദ്യാർഥികൾക്കും പ്രയോജനകരമാവുന്ന രീതിയിലായിരിക്കും അവതരണമെന്ന് ജലവിഭവവകുപ്പ് അധികൃതർ പറഞ്ഞു. ആദ്യഘട്ട നിർമാണ പ്രവൃത്തിക്ക് 7.67 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. ചെലവിന്റെ ആദ്യ ഗഡു സി-ഡിറ്റിന് കൈമാറാൻ നടപടി സ്വീകരിച്ചതായി അധികൃതർ പറഞ്ഞു.
മംഗലംഡാം, പോത്തുണ്ടി, നെയ്യാർ, മലങ്കര, കല്ലട, പീച്ചി, ചിമ്മിണി, വാഴാനി, ശിരുവാണി, കാഞ്ഞിരപ്പുഴ, മീങ്കര,വാളയാർ, മലമ്പുഴ, ചുള്ളിയാർ, കുറ്റ്യാടി, കാരാപ്പുഴ, പഴശ്ശി അണക്കെട്ടുകൾ പട്ടികയിലുണ്ട്. ഇതിനുപുറമേ അന്തർ സംസ്ഥാന കരാർ വഴി തമിഴ്നാട്ടിലെ ആളിയാറിൽനിന്നു കേരളത്തിലേക്കുള്ള ജലമെത്തിക്കുന്ന മൂലത്തറ റഗുലേറ്റർ, ഭൂതത്താൻകെട്ട്, മണിയാർ എന്നീ ജലശയങ്ങളും പദ്ധതിയുടെ ഭാഗമാവും.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.