നിർത്തിയിട്ട കാർ തനിയെ നിരങ്ങി കുളത്തിൽ വീണു.

ആലത്തൂർ: കാർ തനിയേ ഉരുണ്ട് പെരുങ്കുളം ക്ഷേത്രക്കുളത്തിൽ വീണു. കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് നാലരയോടെ പെരുങ്കുളം ഗ്രാമത്തിൽ ശിവക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം.

ജൽജീവൻ മിഷന്റെ പ്രവൃത്തിക്കായി പെരുങ്കുളത്ത് താമസിക്കുന്ന തമിഴ്നാട് ട്രിച്ചി സ്വദേശികളായ ഗണേഷും (30), അരവിന്ദു(30)മാണ് അപകടത്തിൽപ്പെട്ടത്. ഇവർ താമസിക്കുന്ന വാടക വീടിന് മുന്നിൽ കാർ നിർത്തി സംസാരിക്കുന്നതിനിടെ കാർ പിന്നിലേക്ക് നീങ്ങുകയായിരുന്നു.

വെള്ളം കുറവായ ഭാഗത്താണ് കാർ വീണത്. വാതിൽ തുറന്ന് ഉടൻ പുറത്തേക്ക് ഇറങ്ങാനായതിനാൽ അപകടം ഒഴിവായി. ക്രെയിൻ കൊണ്ടുവന്ന് കാർ കരയിലെത്തിച്ചു.