വീട്ടിൽ കിടക്കുന്ന കാറിനു പാലിയേക്കരയിൽ ടോൾ ഈടാക്കി.

ആലത്തൂർ: കോയമ്പത്തൂരിൽ കിടക്കുന്ന കാർ തൃശ്ശൂർ പാലിയേക്കര ടോൾ ബൂത്തിലൂടെ കടന്നുപോയെന്ന് പറഞ്ഞ് 90 രൂപ ഈടാക്കി. ആലത്തൂരിലെ പ്രമുഖ നേത്രരോഗവിദഗ്ധനായ ഡോ. പി. ജയദേവനാണ് മൊബൈൽ ഫോണിൽ സന്ദേശം ലഭിച്ചത്.

ഡോക്ടറും, ഭാര്യയും ഏതാനും മാസങ്ങളായി കോയമ്പത്തൂരിൽ മകളുടെ വീട്ടിലാണ് താമസം. കാറും ഇവിടെയാണ്. ഞായറാഴ്ച വൈകീട്ട് 6.38- നാണ് ഫാസ്റ്റാഗിൽനിന്നു 90 രൂപ ടോൾ എടുത്തതായി സന്ദേശം കിട്ടിയത്. ഒരുമാസം മുമ്പ് ഈ കാറിൽ പാലിയേക്കര വഴി പോയതായി ഇദ്ദേഹം പറഞ്ഞു.

ടോൾ സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ നൽകാനായി സന്ദേശത്തിനൊപ്പം ചേർത്തിട്ടുള്ള നമ്പരിൽ ഡോക്ടർ പരാതി നൽകി. സാങ്കേതിക തകരാറാണെന്ന് ടോൾ ബൂത്ത് അധികാരികൾ പറഞ്ഞു. പ്രശ്നം അധികൃതർ ഗൗരവമായെടുക്കണമെന്നും നടപടി സ്വീകരിക്കണമെന്നും ഡോ. പി. ജയദേവൻ പറഞ്ഞു.