കല്‍ച്ചാടിയില്‍ വീണ്ടും കാട്ടാനയിറങ്ങി കൃഷിനശിപ്പിച്ചു.

നെന്മാറ: അയിലൂര്‍ പഞ്ചായത്തിലെ കല്‍ച്ചാടിയില്‍ വ്യാപക കൃഷിനാശം വരുത്തി കാട്ടാനക്കൂട്ടത്തിന്‍റെ വിളയാട്ടം. കര്‍ഷകരായ എം. അബ്ബാസ് ഒറവഞ്ചിറ, എല്‍ദോസ് പണ്ടിക്കുടിയില്‍ എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനക്കൂട്ടം നാശം വിതച്ചത്. നിരവധി കമുകുകള്‍ മറിച്ചിടുകയും, ചവിട്ടി നശിപ്പിക്കുകയും, പ്ലാവ്, തെങ്ങ് എന്നിവ കുത്തിമറിച്ചിടുകയും ചെയ്തു.

തെങ്ങോലകള്‍ തിന്നു നശിപ്പിക്കുകയും റബര്‍ മരങ്ങളുടെ കൊമ്പ് ഒടിച്ചു കളയുകയും ചെയ്തിട്ടുണ്ട്. തോട്ടങ്ങള്‍ക്കിടയിലുള്ള കയ്യാലകളും, വെള്ളം ഒഴുകുന്ന തോടിന്‍റെ വശങ്ങളും ചവിട്ടി ഇടിച്ച്‌ നശിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒന്നര മാസത്തിനിടെ നാലാമത്തെ പ്രാവശ്യമാണ് കാട്ടാനക്കൂട്ടം കല്‍ച്ചാടിയിലെ വിവിധ കൃഷിയിടങ്ങളിലായി കൃഷിനാശം വരുത്തുന്നത്.

നെല്ലിയാമ്പതി വനം റേഞ്ചില്‍ ഉള്‍പ്പെട്ട തിരുവഴിയാട് സെക്ഷൻ കീഴിലുള്ള പ്രദേശമാണിത്. മലയോരമേഖലയിലെ വൈദ്യുതവേലി കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതും കാട്ടാനകള്‍ സ്ഥിരമായി മേഖലയില്‍ എത്താൻ കാരണമായി കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

കല്‍ച്ചാടി മേഖലയിലെ തീരത്തുള്ള വൈദ്യുതവേലി രാത്രി പത്തു മണിയാവുമ്പോഴേക്കും പ്രവര്‍ത്തനം നിലയ്ക്കുന്നതായും കര്‍ഷകര്‍ പരാതിപ്പെട്ടു.

കല്‍ച്ചാടി പുഴയോട് ചേര്‍ന്ന ഭാഗങ്ങളില്‍ കാട്ടാനക്കൂട്ടത്തിന് കൃഷിയിടങ്ങളില്‍ ഇറങ്ങാൻ സൗകര്യപ്രദമായ രീതിയില്‍ വൈദ്യുതവേലി ഉയര്‍ന്നു നില്‍ക്കുന്നതും കാട്ടാനകളുടെ സ്ഥിരം വിഹാരകേന്ദ്രമായി പ്രദേശം മാറാൻ കാരണമായി കര്‍ഷകര്‍ പറയുന്നു.

കാട്ടാനകള്‍ ഭക്ഷണത്തിന് ഉപയോഗിക്കാത്ത കമുകിൻ തൈകള്‍ പറിച്ചു കളയുകയും വലിയ കമുകുകള്‍ തള്ളിയിടുന്നതും പതിവായിരിക്കുകയാണ്.

കാട്ടാന ഭീഷണി മൂലം പ്രദേശത്തെ റബ്ബര്‍ തോട്ടങ്ങളില്‍ അതിരാവിലെയുള്ള ടാപ്പിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ടാപ്പിംഗ് സമയം വൈകുന്നതു മൂലം കര്‍ഷകര്‍ക്ക് ഉല്‍പാദനക്കുറവും നേരിടുന്നുണ്ട്.

കാട്ടാനയെ കൂടാതെ മേഖലയില്‍ പുലി, കാട്ടു പന്നി എന്നിവയുടെയും സാന്നിധ്യം സ്ഥിരമായി കാണുന്നതിനാല്‍ പ്രദേശത്തെ തോട്ടങ്ങളില്‍ കാവലിന് പോലും ആള്‍ക്കാര്‍ ഇല്ലാത്ത സ്ഥിതിയാണ്.

വേനലില്‍ കാട്ടില്‍ വെള്ളവും തീറ്റയും ഇല്ലാത്ത കാരണം കൊണ്ടാണ് കാട്ടുമൃഗങ്ങള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങുന്നതെന്ന വനം വകുപ്പിന്‍റെ സ്ഥിരം ന്യായീകരണം പൊള്ളയാണെന്നും എല്ലാ സീസണുകളിലും വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളില്‍ എത്തുന്നുണ്ടെന്നും കേരള ഇൻഡിപെൻഡൻസ് ഫാര്‍മേഴ്സ് അസോസിയേഷൻ(കിഫ) അയിലൂര്‍ പഞ്ചായത്ത് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു.