പോത്തുണ്ടിയിലെ ശുദ്ധജല വിതരണ പ്ലാന്റ് കെ. ബാബു എംഎൽഎ സന്ദർശിച്ചു.

പോത്തുണ്ടി: പോത്തുണ്ടി കുടിവെള്ള പദ്ധതിയുടെ ശുചീകരണ പ്ലാന്‍റിലേക്കുള്ള ട്രാൻസ്ഫോര്‍മറിന്‍റെ കേബിളുകള്‍ കത്തിനശിച്ചതിനാൽ കുടിവെളള വിതരണം പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തന പുരോഗതി കെ. ബാബു എംഎല്‍എ പോത്തുണ്ടി ഫില്‍റ്റര്‍ പ്ലാന്‍റിലെത്തി പരിശോധിച്ചു.

വ്യാഴാഴ്ച വൈകിട്ടോടെയാണ് കേബിള്‍ കത്തിനശിച്ചത്. ഇതോടെ ശുചീകരണ പ്ലാന്‍റില്‍ നിന്ന് പമ്പിങ്ങും, ജലവിതരണവും നിലച്ചു. നെന്മാറ, അയിലൂര്‍, മേലാര്‍കോട് പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് മുടങ്ങിയത്.
കേബിള്‍ കത്തിയതിനെത്തുടര്‍ന്ന് ട്രാൻസ്ഫോര്‍മറിനും കേടു പറ്റി.

വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനായി നിലവിലുള്ള ട്രാൻസ്‌ഫോര്‍മര്‍ തകരാര്‍ കെഎസ്‌ഇബി അധികൃതര്‍ ദ്രുതഗതിയില്‍ തീര്‍ത്തുവരുന്നു. കത്തിപ്പോയ കേബിളിനു പകരം പുതിയതായി 360 മീറ്റര്‍ മണ്ണിനടിയിലൂടെ വൈദ്യുത കേബിള്‍ ലൈൻ വലിച്ച്‌ അടിയന്തിരമായി കുടിവെളള വിതരണം പുനഃസ്ഥാപിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്. ഇന്ന് വൈകിട്ടോടെ കുടി വെള്ളം വിതരണം പുനഃസ്ഥാപിക്കാൻ കഴിയുമെന്നു കേരള വാട്ടര്‍ അഥോറിറ്റി അസിസ്റ്റന്‍റ് എൻജിനീയര്‍ അറിയിച്ചു.