വടക്കഞ്ചേരിയിൽ റവന്യൂ വകുപ്പിന്റെ പരിശോധനയുണ്ടായിട്ടും കുന്നിടിക്കലിന് ഒരു കുറവും ഇല്ല.

വടക്കഞ്ചേരി: റവന്യൂവകുപ്പ് പരിശോധന നടത്തുന്നുണ്ടെങ്കിലും വടക്കഞ്ചേരി മേഖലയിൽ അനധികൃത കുന്നിടിക്കലിനും, പാറപൊട്ടിക്കലിനും കുറവൊന്നുമില്ല. കഴിഞ്ഞ 4 മാസത്തിനിടെ ആലത്തൂർ തഹസിൽദാറിന്റെയും, വടക്കഞ്ചേരി-ഒന്ന് വില്ലേജോഫീസറുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 6 ഇടങ്ങളിൽ സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും രഹസ്യമായി രാത്രി കുന്നിടിക്കൽ തുടരുകയാണ്. രാത്രി കാര്യമായ പരിശോധനകളില്ലാത്തതാണ് ഇതിനുകാരണം.

ശങ്കരംകണ്ണംതോട്, ചുവട്ടുപാടം, കാളാംകുളം, വയറംകോട് എന്നിവിടങ്ങളിലാണ് അനധികൃത കുന്നിടിക്കലും പാറപൊട്ടിക്കലും അധികൃതർ കണ്ടെത്തിയത്. ചിലയിടങ്ങളിൽ മണ്ണെടുപ്പിന് ജിയോളജിവകുപ്പ് അനുമതി നൽകിയിട്ടുണ്ടെങ്കിലും പരിധിയിൽകൂടുതൽ മണ്ണെടുപ്പ് നടത്തുന്നതായി പരിശോധനയിൽ കണ്ടെത്തി. റവന്യൂ അധികൃതർ കണ്ടെത്തുന്ന അനധികൃത കുന്നിടിക്കലിന് പിഴചുമത്തുന്നതിനായി കളക്ടർ മുഖാന്തരം ജിയോളജി വകുപ്പിന് റിപ്പോർട്ട് കൈമാറുകയാണ് ചെയ്യുന്നത്.

ജിയോളജി വകുപ്പധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയാണ് പിഴത്തുക നിശ്ചയിക്കുക. കഴിഞ്ഞ 4 മാസത്തിനിടെ വടക്കഞ്ചേരിയിൽ നിന്നു റവന്യൂവകുപ്പ് റിപ്പോർട്ടുചെയ്ത കുന്നിടിക്കലിൽ ജിയോളജിവകുപ്പ് പരിശോധന നടത്തിയിട്ടില്ല. ഇതും അനധികൃത കുന്നിടിക്കൽ വ്യാപകമാകാനിടയാക്കിയിട്ടുണ്ട്.

അനധികൃത കുന്നിടിക്കലിൽ അവസരം മുതലെടുത്ത് ഇടനിലക്കാരും രംഗത്തുണ്ട്. കുന്നിടിക്കൽ കണ്ടെത്തി സ്ഥലമുടമയെക്കണ്ട് പണം വാങ്ങുന്നതാണ് ഇടനിലക്കാരുടെ രീതി. ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്താൻ സാധ്യതയുണ്ടെങ്കിൽ ഇടനിലക്കാർ മുൻകൂട്ടി സ്ഥലമുടമയ്ക്ക് വിവരം നൽകും. അധികൃതർ സ്ഥലത്തെത്തുമ്പോഴേക്കും വാഹനങ്ങൾ മാറ്റിയിട്ടുണ്ടാകും.

സ്ഥലമുടമ പണം നൽകിയില്ലെങ്കിൽ ഇടനിലക്കാർ പരാതിക്കാരാകും. ഇവർ റവന്യൂ അധികൃതരെ വിവരമറിയിക്കും. അധികൃതർ സ്ഥലത്തെത്തി നടപടി സ്വീകരിക്കും. തുടർന്ന്, ഇടനിലക്കാർ വീണ്ടും സ്ഥലമുടമയുടെ അടുത്തെത്തി എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് പണംവാങ്ങും. പിന്നീട് ഇവർ പരാതി ഉന്നയിക്കാതിരിക്കുന്നതോടെ റവന്യൂ അധികൃതരുടെ പരിശോധനയും കുറയും.

ആലത്തൂർ താലൂക്കുപരിധിയിൽനിന്നു കുന്നിടിക്കലുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. ഉടൻതന്നെ സ്ഥലം പരിശോധിച്ച്, പിഴയീടാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജിയോളജിവകുപ്പ് അധികൃതർ പറഞ്ഞു.