പാലക്കുഴി ജലവൈദ്യുതി പദ്ധതി കരാറുകാരൻ ഉപേക്ഷിച്ചു.

കിഴക്കഞ്ചേരി: പാലക്കുഴി ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ നിർമാണം കരാറുകാരൻ ഉപേക്ഷിച്ചു. 6 വർഷം മുമ്പ് ആരംഭിച്ച നിർമാണം പൂർണമായിനിലച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് കരാറുകാരൻ സ്വയം പിൻമാറുകയായിരുന്നു.

വിജയകരമായി നടപ്പാക്കിയ മീൻവല്ലം ജലവൈദ്യുതി പദ്ധതിക്കു പിന്നാലെ ജില്ലാ പഞ്ചായത്ത് തുടക്കമിട്ട രണ്ടാമത്തെ പദ്ധതിയാണ് പാലക്കുഴിയിലേത്. 13 കോടി രൂപ ചെലവിൽ 2017-ലാണ് നിർമാണം തുടങ്ങിയത്. 2019-ൽ പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം.

എന്നാൽ 2018-ലെ പ്രളയവും തുടർന്നെത്തിയ കോവിഡും നിർമാണം പ്രതിസന്ധിയിലാക്കി. കോവിഡിനുശേഷം ജോലികൾ തുടങ്ങിയെങ്കിലും പ്രതീക്ഷിച്ചപോലെ മുന്നോട്ടു പോയില്ല. ഇടയ്ക്കിടെ ജോലികൾ മുടങ്ങി. തുടർന്ന്, കരാറുകാരൻ ജോലി ഉപേക്ഷിക്കുകയായിരുന്നു.

വൈദ്യുതിനിലയവും പെൻസ്റ്റോക്ക് സ്ഥാപിക്കലും തുടങ്ങിയിട്ടില്ല. പെൻസ്റ്റോക്ക് സ്ഥാപിക്കുന്നതിനായി ഏറ്റെടുത്ത വനഭൂമിയിലെ മരങ്ങൾ മുറിച്ച് നീക്കിയിട്ടില്ല. ഇതിനുള്ള നടപടി വനംവകുപ്പാണ് ചെയ്യേണ്ടത്.

അണക്കെട്ടിന്റെ നിർമാണം അവസാനഘട്ടത്തിലെത്തിയെങ്കിലും പൂർത്തിയായിട്ടില്ല. ജില്ലാ പഞ്ചായത്തിന്റെ കീഴിൽ രൂപവത്കരിച്ചിട്ടുള്ള ചെറുകിട ജലവൈദ്യുത കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്. പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടത്തിൻ്റെ മുകളിൽ നിർമിക്കുന്ന അണക്കെട്ടിൽനിന്നു വെള്ളമെത്തിച്ചാണ് വൈദ്യുതി ഉത്പ്പാദിപ്പിക്കുക. ഒരു മെഗാവാട്ടാണ് ശേഷി. പ്രതിവർഷം 3.78 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യം.

പാലക്കുഴി ജലവൈദ്യുതി പദ്ധതിയുടെ തുടർനിർമാണത്തിനായി പുതിയ കരാർ നടപടി പൂർത്തിയായതായും ഒരാഴ്ചക്കുള്ളിൽ നിർമാണം പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പദ്ധതിയുടെ ചീഫ് എൻജിനിയർ പ്രസാദ് മാത്യു പറഞ്ഞു. എടപ്പള്ളിയിലുള്ള പാൻ പസഫിക് എന്ന കമ്പനിയാണ് പുതിയ കരാർ ഏറ്റെടുത്തിട്ടുള്ളത്. 4.6 കോടി രൂപയാണ് പദ്ധതി തുക. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.