പാലക്കാട്: ഇന്നലെ കുസാറ്റിലുണ്ടായ ദുരന്തത്തില്‍ മരിച്ച ആല്‍ബിൻ ജോസഫ് കുസാറ്റിലെത്തിയത് സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കാൻ. കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തില്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്സ് പഠിച്ച ആല്‍ബിൻ പരീക്ഷ എഴുതിയത് കുസാറ്റിലാണ്. പരീക്ഷ പാസായതിനെ തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് പാലക്കാട് മുണ്ടൂരിലെ വീട്ടില്‍ നിന്നും ആല്‍ബിൻ കൊച്ചിയിലെത്തിയത്. കുസാറ്റില്‍ ആല്‍ബിന് സൗഹൃദങ്ങളുമുണ്ടായിരുന്നു. അതുകൊണ്ടാണ് ഗാനമേള കേള്‍ക്കാൻ ആല്‍ബിൻ അവിടെ നിന്നത്.
തീര്‍ത്തും പാവപ്പെട്ട കുടുംബത്തിന്റെ അത്താണി ആയിരുന്നു ആല്‍ബിൻ. കാറ്ററിംഗ് ജോലികളും മറ്റും ചെയ്താണ് ആല്‍ബിൻ കുടുംബം പുലര്‍ത്തിയിരുന്നത്. കൂലിപ്പണിക്കാരാണ് ആല്‍ബിന്റെ മാതാപിതാക്കള്‍. സഹോദരിയും ഭര്‍ത്താവും എത്തിയാണ് ആല്‍ബിന്റെ മൃതദേഹം ഏറ്റുവാങ്ങിയത്. ജോലി തേടി പോകുകയാണെന്നാണ് ആല്‍ബിൻ പറഞ്ഞതെന്ന് അച്ഛൻ മീഡിയയോട് പ്രതികരിച്ചു.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികളുടെ ടെക് ഫെസ്റ്റിനിടെയാണ് വലിയ അപകടം ഉണ്ടായത്. ഗാനമേള കാണാനെത്തിയ വിദ്യാര്‍ത്ഥികളുടെ തിക്കും തിരക്കിലും പെട്ട് മൂന്ന് വിദ്യാര്‍ത്ഥികളടക്കം നാല് പേര്‍ മരിച്ചു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള കാണാനെത്തിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്.
കുസാറ്റിലെ എഞ്ചിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ അതുല്‍ തമ്പി, സാറാ തോമസ്, ആൻ റുഫ്തോ എന്നിവരും പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍ബിൻ ജോസഫുമാണ് മരിച്ചത്.
വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പരിപാടി നിയന്ത്രിച്ചതും വിദ്യാര്‍ത്ഥികളായിരുന്നു. വിദ്യാര്‍ത്ഥികള്‍ തന്നെയായിരുന്നു വളണ്ടിയര്‍മാര്‍. സ്കൂള്‍ ഓഫ് എഞ്ചിനീയറിങിലെയും ടെക് ഫെസ്റ്റില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും മാത്രമായിരുന്നു ഗാനമേളയ്ക്ക് പ്രവേശനം. ഇവര്‍ക്ക് പ്രത്യേകം ടീ ഷര്‍ട്ട് നല്‍കിയിരുന്നു. ഇത് ധരിച്ചവര്‍ക്ക് മാത്രമായിരുന്നു. പ്രവേശനം.
വൈകിട്ട് ഏഴ് മണിയോടെ വിദ്യാര്‍ത്ഥികളെ പരിപാടി നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് പ്രവേശിപ്പിക്കുന്നതിനിടയില്‍ പുറത്ത് മഴ പെയ്തു. ഈ സമയത്ത് വിദ്യാര്‍ത്ഥികള്‍ തള്ളിക്കയറാൻ ശ്രമിച്ചു. ആംഫിതിയേറ്ററിലേക്ക് ഇറങ്ങി പോകുന്ന പടികളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ പുറകില്‍ നിന്നുള്ള തള്ളലില്‍ നിലത്ത് വീണു.
ഇവര്‍ക്ക് മുകളിലേക്ക് പിന്നെയും വിദ്യാര്‍ത്ഥികള്‍ വീണു. വീണുകിടന്ന വിദ്യാര്‍ത്ഥികളെ പിന്നാലെയെത്തിയവര്‍ ചവിട്ടിയതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. അപകട സ്ഥലത്ത് നിന്നും ഉടൻ തന്നെ പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇവരില്‍ ആല്‍ബിനടക്കം മരിച്ച നാല് പേരും ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചുരുന്നു.
Similar News
മംഗലംഡാം മുളക്കൽ ഗംഗാധരൻ മകൻ അനു അന്തരിച്ചു.
ഒലിംകടവ് കാഞ്ഞിക്കൽ അലക്സാണ്ടർ തോമസ് അന്തരിച്ചു.
വിനോദയാത്ര പോയ വിദ്യാർത്ഥിനി മരണപ്പെട്ടു.