നവകേരള സദസിന് ചമയങ്ങളൊരുങ്ങുമ്പോൾ ദുരിതത്തിലായത് ബസ് സ്റ്റാൻഡിലെ വ്യാപാരികള്‍.

വടക്കഞ്ചേരി: നവ കേരള സദസിനായി വടക്കഞ്ചേരി ടൗണില്‍ തോരണങ്ങളും, ദീപാലങ്കാരങ്ങളും നിറയുമ്പോള്‍ സദസിന്‍റെ വേദിയൊരുങ്ങുന്ന ബസ് സ്റ്റാൻഡിലെ വ്യാപാരികള്‍ ഏറെ വിഷമത്തിലാണ്. വൈദ്യുതി ഇല്ലാതാകുന്നതാണ് സ്റ്റാൻഡിലെ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നത്. പന്തല്‍ പണികള്‍ക്കായി ലൈൻ ഓഫാക്കുന്നതാണ് പ്രശ്നം.

വൈദ്യുതി എപ്പോള്‍ വരും എന്നറിയാൻ രാവിലെ കെഎസ്‌ഇബി ഓഫീസിലേക്ക് വിളിച്ചാല്‍ ഇപ്പോ വരുമെന്ന് പറയും. എന്നാല്‍ പല ദിവസവും കറന്‍റ് വരുന്നത് ഉച്ചയാകുമ്പോഴാണെന്ന് സ്റ്റാൻഡില്‍ കട നടത്തുന്നവർ പറഞ്ഞു.

കെഎസ്‌ഇബി അധികൃതരെ വിളിച്ച്‌ പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടാകുന്നില്ല. പഞ്ചായത്തില്‍ പറയണം, എംഎല്‍എയോട് പറയണം എന്നൊക്കെ പറഞ്ഞ് കെഎസ്‌ഇബിയും ഒഴിഞ്ഞുമാറുകയാണ്. ഇലക്‌ട്രോണിക് കടകള്‍, കൂള്‍ബാറുകള്‍, ഫോട്ടോസ്റ്റാറ്റ് കടകള്‍ തുടങ്ങി കറന്‍റ് ഒളിച്ചുകളിയില്‍ കടകള്‍ക്കൊന്നും പ്രവര്‍ത്തിപ്പിക്കാനാകുന്നില്ല.

കമ്പ്യൂട്ടര്‍ ബില്ലിംഗും തടസപ്പെടുകയാണ്. പമ്പിങ് തടസപ്പെട്ട് ടോയ് ലറ്റുകള്‍ വരെ വൃത്തിഹീനമായി. ഒരാഴ്ചയായി കച്ചവടവും മന്ദഗതിയിലാണ്. ലൈൻ പൂര്‍ണമായും ഓഫാക്കാതെ കടകള്‍ക്ക് തടസമുണ്ടാകാത്ത വിധം വൈദ്യുതി വിതരണം ഉണ്ടാകണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

അതേസമയം, സ്റ്റാൻഡില്‍ നേരത്തെ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റിനെ നോക്കുകുത്തിയാക്കി അതേ പോസ്റ്റില്‍ തന്നെ മറ്റൊരു ലൈറ്റ് സ്ഥാപിച്ചാണ് സ്റ്റാൻഡിലേയ്ക്കുള്ള വെളിച്ചം പരത്തുന്നത്. കേടുവന്ന ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തിപ്പിക്കാൻ നടപടി എടുക്കാതെയാണ് ഈ പ്രവൃത്തി ചെയ്യുന്നത്.