നെല്ലിയാമ്പതി: നെല്ലിയാമ്പതി ടൂറിസം വികസനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നവർ തകർന്ന റോഡുകൾ കണ്ടില്ലെന്നു നടിക്കുന്നു. നെല്ലിയാമ്പതിയിൽ എത്തുന്ന സഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന സീതാർകുണ്ടിലേയ്ക്കുള്ള റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
സീതാർകുണ്ട് വ്യൂ പോയിന്റ്, എൽ.പി. സ്കൂൾ, നിരവധി സ്വകാര്യ എസ്റ്റേറ്റുകളും, റിസോർട്ടുകളുമുള്ള മേഖലയിലേയ്ക്കുള്ള പ്രധാന റോഡാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്. നാട്ടുകാർക്കും, വിനോദ സഞ്ചരികൾക്കുമുള്ള പ്രധാന പാത കൂടിയാണിത്.
നെല്ലിയാമ്പതി പഞ്ചായത്താണ് 15 വർഷങ്ങൾക്ക് മുമ്പ് ഈ റോഡ് ടാർ ചെയ്തിരുന്നത്. പുലയംപാറയിൽ നിന്നും ഊത്തുകുഴി വരെ പൊതുമരാമത്ത് അടുത്തിടെ റോഡ് നന്നാക്കി. ഊത്തുക്കുഴി മുതൽ പോബ്സ്‌ൺ എസ്റ്റേറ്റ് കവാടം വരെയുള്ള ഒന്നര കിലോമീറ്റർ ദൂരം ചായത്തോട്ടത്തിലൂടെയുള്ള ടാർ റോഡാണ് മൺപാതയ്ക്ക് സമാനമായി കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതത്തിന് ദുരിതമായത്.
മൂന്നു മീറ്റർ മാത്രം വീതിയുള്ള റോഡിലെ ഗർത്തത്തിലും വശങ്ങളിലെ കല്ല് ഇളകിയ പ്രദേശത്തും വാഹനങ്ങൾ ഇറങ്ങിയാൽ അടിവശം മുട്ടിയും, റോഡിൽ ഉരസിയും കാർ യാത്രക്കാർ വഴിയിൽ കിടക്കുന്ന കാഴ്‌ച പതിവാണ്.
മഴക്കാലത്ത് പാതയിൽ വൻ കുഴികൾ ഉണ്ടാകുമ്പോൾ തൊഴിലുറപ്പ് തൊഴിലാളികളും, നാട്ടുകാരും ചേർന്ന് കല്ലുകൾ കുഴികളിലിട്ടാണ് താല്ക്കാലിക ഗതാഗത സൗകര്യം ഒരുക്കാറുള്ളത്. ദുർഘട യാത്രയ്ക്ക് പരിഹാരം വേണമെന്നും പാതയുടെ ഇരുവശങ്ങളിലും പൊന്ത പിടിച്ചു കിടക്കുന്നത് വെട്ടി മാറ്റാൻ അധികൃതരുടെ ഭാഗത്തു നിന്നും നടപടി വേണമെന്ന് നാട്ടുകാരും വിനോദസഞ്ചാരികളും നിരന്തരം ആവശ്യപ്പെടുകയാണ്.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.