6 വയസ്സുകാരിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതി പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു.

കൊല്ലം: ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ നിർണായക നീക്കങ്ങൾ. തെങ്കാശിയിൽ നിന്ന് പൊലീസ് പിടികൂടിയ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു. അടൂർ കെഎപി ക്യാമ്പിൽ പിടികൂടിയ മൂന്ന് പേരുടേയും ചോദ്യം ചെയ്യൽ തു‌ടരുകയാണ്. ചാത്തന്നൂര്‍ സ്വദേശിയാണ് പത്മകുമാര്‍. ഇയാളുടെ ഭാര്യ കവിത, മകള്‍ അനുപമ എന്നിവരാണ് കസ്റ്റഡിയിലുളള മറ്റുളളവര്‍. കൊല്ലം സിറ്റി പൊലീസിന്റെ ഷാഡോ ടീം ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

സംഭവം നടന്ന് അഞ്ചാം ദിവസമാണ് പ്രതികള്‍ പിടിയിലാകുന്നത്. തെങ്കാശി പുളിയറയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക ഇടപാടുകളാണ് കൃത്യത്തിന് പിന്നിലെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളു. പിടിയിലായവരില്‍ ഒരാളുടെ ഫോട്ടോ പൊലീസ് കുട്ടിയെ കാണിച്ചു. സ്ത്രീയുടെ ഫോട്ടോയാണ് കാണിച്ചത്. എന്നാല്‍ ഇവരെ അറിയില്ലെന്നാണ് കുട്ടി പറഞ്ഞിരിക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം പ്രതികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളുടെ മൊഴിയാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.