പഞ്ചായത്ത് സെക്രട്ടറി ഇല്ലാത്തതിനാൽ വക്കാവിലെ മാലിന്യ നീക്കം അവതാളത്തിൽ.

നെന്മാറ: നെന്മാറ-വക്കാവ് മാലിന്യ സംസ്കരണ യൂണിറ്റിലെ പ്രശ്നം രൂക്ഷമാണെന്ന് വിലയിരുത്തിയ പഞ്ചായത്തിന്റെ തുടർ നടപടികൾക്ക് തടസ്സം. അടിയന്തരമായി പരിഹരിക്കാൻ പുതിയ പദ്ധതികൾക്ക് നീക്കം നടത്തിയെങ്കിലും സെക്രട്ടറി ഇല്ലാതായതോടെ എല്ലാം അവതാളത്തിൽ ആയി. കുന്നുകൂടി കിടക്കുന്ന മാലിന്യം വേർതിരിച്ച് കയറ്റിവിടാനും, സംസ്ക്കരിക്കാനുമെല്ലാം ആലോചിച്ചു ഫണ്ട് വകയിരുത്തിയെങ്കിലും കരാർ നടപടികളിലേക്ക് കടക്കാൻ കഴിയുന്നില്ല.

ഒരുമാസം മുമ്പ് സ്ഥലം മാറിപ്പോയ സെക്രട്ടറിക്ക് പകരം ആരെയും നിയമിച്ചിട്ടില്ല. താൽക്കാലിക ചുമതല മറ്റൊരു സെക്രട്ടറിക്ക് നൽകിയിട്ടുണ്ടെങ്കിലും 2023-24ലെ പുതിയ പദ്ധതികളായ കുടിവെള്ള പൈപ്പ് ലൈൻ ദീർഘിപ്പിക്കൽ, തെരുവ് വിളക്കുകൾ സ്ഥാപിക്കൽ, മാലിന്യ സംസ്കരണം തുടങ്ങിയവയുടെ തുടർ പ്രവർത്തനം മുടങ്ങിക്കിടക്കുകയാണ്. അടിയന്തരമായി പഞ്ചായത്ത് സെക്രട്ടറിയെ നിയമിച്ചു വികസന പദ്ധതികൾ കാലതാമസം കൂടാതെ നടപ്പാക്കണമെന്ന് പഞ്ചായത്ത് അംഗങ്ങളും, നാട്ടുകാരും ആവശ്യപ്പെട്ടു.