മംഗലംഡാം മേഖലയില്‍ കാട്ടാനയും, പുലിയും; ജനങ്ങൾ ഭീതിയിൽ.

മംഗലംഡാം: മലയോര മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ജനങ്ങള്‍ ഭീതിയില്‍. മംഗലംഡാം നേര്‍ച്ചപ്പാറ ചെള്ളിക്കയം സിബി, സക്കറിയാസ് തുടിയൻപ്ലാക്കല്‍, ടോമി തേക്കിൻകാട്ടില്‍, ജിജി കാവിപുരയിടത്തില്‍ എന്നിവരുടെ കൃഷി സ്ഥലത്ത് ഇന്നലെ രാവിലെ നാലരയോടെയാണ് കാട്ടാനയിറങ്ങിയത്.

തെങ്ങ്, കമുക്, വാഴ, കുരുമുളകു മുതലായ കൃഷികളാണ് നശിപ്പിച്ചത്. റബര്‍തോട്ടങ്ങളില്‍ പണിയെടുക്കുകയായിരുന്ന ടാപ്പിംഗ് തൊഴിലാളികള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ആനയുടെ സാന്നിധ്യം ഈ സ്ഥലത്തുണ്ട്. മറ്റു പലരുടെയും കൃഷിയിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ ആന കയറിയിട്ടുണ്ട്.

കൊച്ചുകുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ളവരുള്ള നാല്‍പ്പതോളം കുടുംബങ്ങള്‍ ഈ ചുറ്റുവട്ടത്ത് താമസിക്കുന്നുണ്ട്.

ഇതേസമയം തന്നെ സംഭവം നടന്നതിന്‍റെ അഞ്ഞൂറു മീറ്റര്‍ അകലെ റബര്‍ ടാപ്പുചെയ്തുകൊണ്ടിരുന്ന നേര്‍ച്ചപ്പാറ ബാബു എന്നയാള്‍ തോട്ടത്തില്‍വച്ച്‌ വളരെ അടുത്തായി പുലിയെ കാണുകയുണ്ടായി.

പുലിയെ കണ്ട സ്ഥലത്തിനു ചേര്‍ന്ന് വളരെയധികം വീടുകള്‍ ഉള്ളതാണ്. ആന, പുലി, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങള്‍ വീടുകള്‍ക്ക് അടുത്തായി സ്വൈര്യ വിഹാരം നടത്തുന്നതില്‍ ജനങ്ങളെല്ലാം പരിഭ്രാന്തരാണ്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട അധികാരികള്‍ നിഷ്ക്രിയരായിരിക്കുന്നതില്‍ കിഫ ആലത്തൂര്‍ നെന്മാറ അസംബ്ലി ലെവല്‍ കമ്മിറ്റികള്‍ ശക്തമായ പ്രതിഷേധിച്ചു. ഈ ജനവാസ മേഖലയില്‍ സ്ഥിരമായി കാണപ്പെടുന്ന പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കണമെന്നും കിഫ ഭാരവാഹികള്‍ വനംവകുപ്പിനോടു ആവശ്യപ്പെട്ടു.